തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് ഡയറക്ടർ; ഇന്ത്യൻ വംശജ, ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ

Advertisement

വാഷിങ്ടൻ: യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ ഇന്ത്യൻ വംശജ തുൾസി ഗബാർഡിനെ നാഷനൽ ഇന്റലിജൻസ് ഡയറക്ടറാക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളായ തുൾ‍സി നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു. റിപ്പബ്ലിക്കൻ അനുകൂല ചാനലായ ഫോക്സ് ന്യൂസിലെ അവതാരകൻ പീറ്റ് ഹെഗ്‌സെത് പ്രതിരോധ സെക്രട്ടറിയാകും. ആർമി നാഷനൽ ഗാർഡിൽ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു.

അറ്റോർണി ജനറലായി മാറ്റ് ഗെയ്റ്റ്സ്, സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) മേധാവിയായി ജോൺ റാറ്റ്ക്ലിഫ്, ഇസ്രയേലിലേക്കുള്ള അംബാസഡറായി അർകെൻസ മുൻ ഗവർണർ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവൻ വിറ്റ്കോഫ്, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു. യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽനിന്നുള്ള സെനറ്റർ ജോൺ തൂൻ തെരഞ്ഞെടുക്കപ്പെട്ടു. മത്സരരംഗത്തുണ്ടായിരുന്ന ട്രംപിന്റെ വിശ്വസ്തൻ റിക്ക് സ്കോട്ട് രഹസ്യവോട്ടെടുപ്പിന്റെ ഒന്നാം റൗണ്ടിൽത്തന്നെ പുറത്തായി. നൂറംഗ സെനറ്റിൽ 52 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാണു ഭൂരിപക്ഷം.

തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണു പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണു പരിചയസമ്പന്നരെ മറികടന്ന് തുൾസിയെ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി ട്രംപ് തെരഞ്ഞെടുത്തത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെുപ്പിൽ ട്രംപിന്റെ എതിരാളിയാകാനുള്ള മത്സരത്തിൽ തുൾസിയും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്മാറി. 2022ൽ ഡെമോക്രാറ്റിക് പാർട്ടി വിട്ട തുൾസി ഇത്തവണ പ്രസിഡന്റ് തെരഞ്ഞെുപ്പിനു മാസങ്ങൾക്കു മുൻപ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു. ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കാൻ പരിഗണിച്ചവരിൽ 43–കാരിയായ തുൾസിയുമുണ്ടായിരുന്നു.

യുഎസ് പാർലമെന്റിലെ, ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗമാണു തുൾസി ഗബാർഡ്. ഹവായിയിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗമാണ്. ഭഗവദ്ഗീതയിൽ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യൻ ബന്ധം. രണ്ട് പതിറ്റാണ്ടിലേറെ ആർമി നാഷനൽ ഗാർഡിൽ അംഗമായിരുന്ന തുൾസി, ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്

Advertisement