മമ്മൂട്ടി ഞങ്ങൾക്കൊപ്പം, അഭിമാന നിമിഷമെന്ന് ശ്രീലങ്കൻ എയർലൈൻസ്

Advertisement

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻസ്. മലയാളത്തിന്റെ അതുല്യ നടന വൈഭവം തങ്ങൾക്കൊപ്പം യാത്ര ചെയ്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന കുറിപ്പോടെയാണ് ശ്രീലങ്കൻ എയർലൈൻസ് താരത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രവും കുറിപ്പും വളരെ പെട്ടെന്നാണ് സോഷ്യൽ ലോകത്ത് വൈറലായത്. ധാരാളം പേർ രസകരമായ കമെന്റുകളും ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്.

പകരം വെയ്ക്കാനില്ലാത്ത പ്രതിഭാധനനും അതുല്യ കലാകാരനുമായ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് സ്വാഗതം. അഭിനേതാവായും സിനിമ നിർമാതാവായും ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടൻ ശ്രീലങ്കൻ എയർലൈൻസിനൊപ്പം. താങ്കൾ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിൽ അഭിമാനിക്കുന്നു. ഇങ്ങനെ കുറിച്ച് കൊണ്ടാണ് മലയാളത്തിന്റെ മഹാ നടനെ സ്വീകരിക്കുന്ന ചിത്രം ശ്രീലങ്കൻ എയർലൈൻസ് പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയിൽ പുതിയ ചരിത്രമാകാൻ ഒരുങ്ങുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രീകരണത്തിനായി മോഹൻ ലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയിരുന്നു. അന്ന് മോഹൻ ലാലിനെ സ്വാഗതം ചെയ്തു കൊണ്ട് ശ്രീലങ്കൻ എയർലൈൻസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും നിമിഷങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

മമ്മൂട്ടിയ്ക്കും മോഹൻ ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നയൻതാരയും അണിനിരക്കുന്ന വലിയൊരു താരനിരയാണ് ഈ ചിത്രത്തിൽ. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.

Advertisement