ജനീവ: സ്വന്തം വീടുകൾ പോലും സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി യുഎന്നിന്റെ കണക്ക്. ലോകത്തിൽ നടക്കുന്ന സ്ത്രീ ഹത്യയുടെ കണക്കുകളുടെ ഞെട്ടിക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിട്ടിരിക്കുന്നത്. ഇത് അനുസരിച്ച് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 140 സത്രീകളും പെൺകുട്ടികളും കൊലപ്പെടുന്നു. ഇവർ കൊല ചെയ്യപ്പെടുന്ന ഇടം വീടുകളോ ഇവരുടെ കൊലയാളികൾ അടുത്ത ബന്ധുക്കളോ ആണെന്നതാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് വിശദമാക്കുന്നത്.
യുഎൻ വിമൺ പുറത്ത് വിട്ട സ്ത്രീഹത്യ കണക്കുകളുടെ അടിസ്ഥാനത്തിൽ 2023ൽ മാത്രം ലോകത്തിൽ 85000 പെൺകുട്ടികളും സ്ത്രീകളും പുരുഷന്മാരാൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 60 ശതമാനവും 51100 പേരും കൊല്ലപ്പെട്ടിരിക്കുന്നത് അടുത്ത ബന്ധുവായ പുരുഷനാലാണ്. സ്ത്രീയ്ക്ക് ഏറ്റവും അപകടകരമായ ഇടങ്ങളിലൊന്നായി വീട് മാറുന്നുവെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
സ്ത്രീകളും പെൺകുട്ടികളും ഏറ്റവും സുരക്ഷിതമായി കഴിയേണ്ട വീടുകളിൽ വച്ചും അക്രമ സംഭവങ്ങളേയാണ് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നാണ് യുഎൻ വുമൺ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ന്യാരാഡ്സായി ഗംബോൺസാവൻഡ കണക്കുകളുടെ അടിസ്ഥാനത്തിൽ വിശദമാക്കുന്നത്. വലിയൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഈ കണക്കെന്നാണ് ഇവർ വിശദമാക്കുന്നത്. എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നില്ലെന്നും പൊലീസ് മറ്റ് ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഇത്തരം കണക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്നും അവർ വിശദമാക്കി.
2022നെ അപേക്ഷിച്ച് സ്ത്രീഹത്യയിൽ കുറവുണ്ടായെങ്കിലും ഉറ്റവർ നടത്തുന്ന സ്ത്രീഹത്യുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഫ്രിക്കയിലാണ് ഇത്തരത്തിലെ കൊലപാതകങ്ങളിൽ വലിയ വർധനവുണ്ടായത്. പട്ടികയിൽ തൊട്ട് പിന്നാലെയുള്ളത് അമേരിക്കയും ഓഷ്യാനയുമാണ്. യൂറോപ്പിലും അമേരിക്കയിലും പങ്കാളികൾ മൂലം സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവമാണ് കൂടുതലുള്ളത്.