പാകിസ്താനിലെ പ്രക്ഷോഭം, സുരക്ഷാസേനയിലെ 5 പേർ കൊല്ലപ്പെട്ടു; ബുള്ളറ്റിന് മറുപടി ബുള്ളറ്റ് കൊണ്ടെന്ന് മന്ത്രി

Advertisement

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഇസ്ലാമാബാദിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇമ്രാന്‍റെ ഭാര്യ ബുഷ്റയും റാലിയിൽ അണിചേർന്നു. അതിനിടെ ആയുധം കയ്യിലുള്ള പ്രക്ഷോഭകരെ കണ്ടാൽ വെടിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന ശ്വാസം വരെ പോരാടാൻ ഇമ്രാൻ ഖാൻ അണികളോട് ആഹ്വാനം ചെയ്തു.

ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ആണ് പ്രക്ഷോഭം നടത്തുന്നത്. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ ലോക്ക്ഡൌണ്‍ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് പൊലീസ് അടച്ചു. മൊബൈൽ ഫോൺ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നിട്ടും ഇസ്ലാമാബാദിനെ സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പൊലീസ് അടച്ച റോഡുകൾ ബലം പ്രയോഗിച്ച് തുറന്നാണ് ഇമ്രാൻ അനുകൂലികൾ മാർച്ച് നടത്തിയത്.

പ്രതിഷേധക്കാർ സഞ്ചരിച്ച വാഹനം ഇടിച്ചു കയറി സുരക്ഷാ സേനയിലെ നാല് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഒരു പ്രതിഷേധക്കാരനും കൊല്ലപ്പെട്ടു. മറ്റൊരു സംഘർഷത്തിനിടെ വേറൊരു പൊലീസുകാരനും കൊല്ലപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. അരാജകത്വത്തിലൂടെ ബോധപൂർവം നിയമപാലകരെ ലക്ഷ്യമിടുന്നു. ഇത് സമാധാനപരമായ പ്രതിഷേധമല്ലെന്നും തീവ്രവാദമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിഷേധക്കാർ ആയുധങ്ങൾ ഉപയോഗിച്ചാൽ വെടിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. അവർ വെടിയുതിർക്കുകയാണെങ്കിൽ ബുള്ളറ്റിന് ബുള്ളറ്റ് ഉപയോഗിച്ച് മറുപടി നൽകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെ നിരവധി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

ബെലാറസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെയാണ് പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാൻ ഖാൻ അനുകൂലികൾ പ്രക്ഷോഭം നടത്തിയത്. മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്‌ഥാനമായ ഇസ്ലാമാബാദിലേക്ക് മാർച്ച് ചെയ്തത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ രാജ്യ തലസ്ഥാനത്ത് തുടരാനുള്ള നിർദ്ദേശമാണ് ഖാൻ അനുയായികൾക്ക് നൽകിയിട്ടുള്ളത്. അഴിമതി കേസിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് 72കാരനായ ഇമ്രാൻ ഖാൻ. ഞായറാഴ്ചയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here