ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം,ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ

Advertisement

ധാക്ക. ബംഗ്ലാദേശിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ ആക്രമണം. ചിറ്റഗോങ്ങിലെ ശനി ക്ഷേത്രത്തിന് കാര്യമായ കേടുപാടുകൾ. ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ. വ്യാഴാഴ്ച കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലേക്ക് നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടർന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ അഭ്യർത്ഥന.

ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ മൂന്നു ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. പഥർഘട്ടയിലെ ഹരീഷ് ചന്ദ്ര മുൻസിഫ് ലെയ്‌നിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. ഇസ്‌കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനമായി അക്രമികൾ ക്ഷേത്രങ്ങൾ വളഞ്ഞത്. ശാന്തനേശ്വരി മാത്രി ക്ഷേത്രം, ശനി ക്ഷേത്രം, ശാന്തനേശ്വരി കാളിബാരി ക്ഷേത്രം എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ മുദ്രാവാക്യം വിളികളോടെ ക്ഷേത്രങ്ങൾക്ക് നേരെ ഇഷ്ടിക കട്ടകൾ എറിഞ്ഞു. ശനി ക്ഷേത്രത്തിനും മറ്റ് രണ്ട് ക്ഷേത്രങ്ങളുടെ കവാടങ്ങൾക്കും കേടുപാടുകളുണ്ടായി. സൈന്യമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ജമാഅത്തെ ഇസ്ലാമിയിലേയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലേയും പ്രവർത്തകരാണ് ക്ഷേത്രം ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതിനിടെ ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്രകാര്യാലയങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷനിലേക്ക് നടന്ന പ്രകടനം അക്രമാസക്തമായതിനെ തുടർന്നാണ് നയതന്ത്രകാര്യാലയങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്. ബംഗ്ലാദേശിൽ ഹിന്ദു സന്ന്യാസിയുടെ അറസ്റ്റിൽ പ്രതിഷേധിക്കാൻ ബംഗിയ ഹിന്ദു ജാഗരൺ മഞ്ച് നടത്തിയ റാലിയാണ് അക്രമാസക്തമായത്. പ്രതിഷേധത്തിനിടെ ബംഗ്ലാദേശ് പതാക കത്തിക്കുകയും ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here