ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ; നാമനിർദേശം ചെയ്ത് ട്രംപ്

Advertisement

വാഷിങ്ടൻ: ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തു. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപാണ് നാമനിർദ്ദേശം ചെയ്തത്. “എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കാഷ് പട്ടേൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും പോരാളിയുമാണ്. അദ്ദേഹം അഴിമതി തുറന്നുകാട്ടുന്നതിനും നീതിയെ സംരക്ഷിക്കുന്നതിനും അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനുമായി തന്റെ കരിയർ ചെലവഴിച്ചു.’’– ട്രംപ് പറഞ്ഞു.

അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഐഎയുടെ തലപ്പത്ത് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടെയാണ് എഫ്ബിഐ ഡയറക്ടറായി നിയമനം. കഴിഞ്ഞ ട്രംപ് സർക്കാരിൽ വിവിധ ഇന്റലിജൻസ് വകുപ്പുകളുടെ മേധാവി ആയിരുന്ന അദ്ദേഹം ഇക്കുറി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു. ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളാണ് കാഷ് പട്ടേൽ.

1980 ഫെബ്രുവരി 25ന് ന്യൂയോർക്കിൽ ജനിച്ച പട്ടേലിന്റെ വേരുകൾ ഗുജറാത്തിലെ വഡോദരയിലാണ്. റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നു രാജ്യാന്തര നിമയത്തിൽ ബിരുദവും നേടി. ക്രിമിനൽ അഭിഭാഷകനായ അദ്ദേഹം മിയാമി കോടതിയിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്.

Advertisement