ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

സോൾ: ദക്ഷിണകൊറിയൻ മുൻ പ്രതിരോധ മന്ത്രി അറസ്റ്റിന് തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പട്ടാളനിയമം നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതായി ആരോപിക്കപ്പെടുന്ന പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ ആണ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാജിവച്ച പ്രതിരോധമന്ത്രി ഞായറാഴ്ച മുതൽ കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.

കൊറിയ കറക്ഷണൽ സർവീസ് കമ്മീഷണർ ജനറലാണ് ആത്മഹത്യാ ശ്രമം പുറത്തറിയിച്ചത്. അടിവസ്ത്രത്തിലെ ചരടുപയോ​ഗിച്ച് ശുചിമുറിയിൽ വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. നിലവില്‍ ഗുരുതരാവസ്ഥയിലല്ലെന്നും നിരീക്ഷണത്തിലാണെന്നും സുരക്ഷിതനാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രസിഡൻറ് യൂൻ സുക് യോളിൻ്റെ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപ ആരോപണങ്ങളിൽ കിമ്മിനെതിരെ അന്വേഷണം നടക്കുകയാണ്. തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ആശങ്കയ്‌ക്കിടയിലാണ് കിമ്മിൻ്റെ ഔദ്യോഗിക അറസ്റ്റ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)