10 വയസുകാരിയെ സമാനതകളില്ലാത്ത രീതിയിൽ മർദ്ദിച്ചുകൊന്ന സംഭവത്തിൽ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

Advertisement

ലണ്ടൻ: ഗാർഹിക പീഡനം ഭയന്ന് അഭയകേന്ദ്രത്തിലെത്തിയ അമ്മയിൽ നിന്ന് നാല് വർഷം നീണ്ട കോടതി നടപടികളിലൂടെ മകളുടെ സംരക്ഷണാവകാശം നേടിയെടുത്തതിന് പിന്നാലെ 10 വയസുകാരിയോട് പിതാവും രണ്ടാനമ്മയും ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. ബ്രിട്ടനിലെ സറേയിലെ വീട്ടിനുള്ളിൽ 10 വയസുകാരി ക്രിക്കറ്റ് ബാറ്റിനും ഇരുമ്പ് വടികൊണ്ടും അടിയേറ്റ് മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പാകിസ്ഥാൻ സ്വദേശികളായ പിതാവും രണ്ടാനമ്മയും അടുത്ത ബന്ധുവും കുറ്റക്കാരെന്ന് കോടത്. 2023 ഓഗസ്റ്റിലാണ് ബ്രിട്ടനിലെ സറേയിലെ വീട്ടിൽ മരിച്ചത്.

ഉർഫാൻ ഷരീഫ്, രണ്ടാം ഭാര്യ ബെയ്നാഷ് ബട്ടൂൽ, ബന്ധു ഫൈസൽ മാലിക് എന്നിവരെയാണ് ബ്രിട്ടനിലെ കോടതി മകളുടെ മരണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശരീരത്തിൽ 25 സ്ഥലത്തായി എല്ലുകൾ പൊട്ടിയ നിലയിലും 71 ഇടത്തായി പരിക്കുമേറ്റ നിലയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പത്തുവയസുകാരിയുടെ ശരീരത്തിൽ ആറ് ഇടത്ത് കടിയേറ്റതിന്റെ പരിക്കുമുണ്ടായിരുന്നു. കൈകാലുകൾ ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പാകിസ്ഥാൻ സ്വദേശിയായ 43 കാരന് പോളണ്ട് സ്വദേശിയായ ഒൾഗ ഡൊമിൻ എന്ന 38കാരിയായ ആദ്യ ഭാര്യയിലുണ്ടായ മകളാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

വീട്ടിൽ കുട്ടിക്ക് പരിക്കേൽക്കുന്നത് പതിവായിരുന്നതെന്നും ഇത് അധ്യാപകരുടെ ശ്രദ്ധയിൽ കാണാതിരിക്കാൻ ശരീരം മുഴുവൻ മൂടുന്ന രീതിയിലുള്ള വസ്ത്രധാരണമായിരുന്നു കുട്ടി സ്വീകരിച്ചതെന്നും അന്വേഷണത്തിനിടയിൽ വ്യക്തമായിരുന്നു. മകളെ കൊലപ്പെടുത്തിയതായി പൊലീസുകാരെ വിളിച്ച് അറിയിച്ചത് പിതാവ് തന്നെയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തുന്ന ഉർഫാൻ ഷരീഫിനോട് കുട്ടിയെക്കുറിച്ച് രണ്ടാം ഭാര്യ പതിവായി പരാതി പറയുകയും ഇതിന് ശേഷം മർദ്ദനവുമെന്നതായിരുന്നു ഇവരുടെ രീതി.

ഇതേ അപാർട്ട്മെന്റിൽ കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ഫൈസൽ മാലിക് അക്രമത്തേക്കുറിച്ച് ഒരിക്കൽ പോലും പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. മരണപ്പെട്ട ദിവസം ക്രിക്കറ്റ് ബാറ്റിനും ഇരുമ്പ് കമ്പിക്കുമുള്ള മർദ്ദനത്തിന് പുറമേ പിതാവ് പത്ത് വയസുകാരിയുടെ വയറിൽ ആഞ്ഞ് അടിക്കുകയും ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പിന്നാലെ പാകിസ്ഥാനിലേക്ക് കടന്ന ശേഷമായിരുന്നു പിതാവ് മകളെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ വിളിച്ച് അറിയിക്കുന്നത്. എട്ട് ആഴ്ചത്തെ വിചാരണയ്ക്ക് ഒടുവിലാണ് പിതാവും രണ്ടാനമ്മയും കൊലപാതകം ചെയ്തതായി കോടതി കണ്ടെത്തിയത്. കുട്ടിയ്ക്ക് ദാരുണ മരണം സംഭവിക്കാൻ അനുവദിച്ചതിനാണ് ഫൈസൽ മാലിക് കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുള്ളത്.

ഗാർഹിക പീഡനം പതിവായതിനാലാണ് കുട്ടിയുടെ മാതാവ് വിവാഹമോചനം നേടിയത്. ഇതിന് ശേഷം നാല് വർഷത്തെ കേസ് നടത്തിപ്പിനൊടുവിലാണ് കുട്ടിയുടെ സംരക്ഷണാവകാശം ഇയാൾ നേടിയത്. 2015ൽ കുട്ടിയും അമ്മയും ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്കായുള്ള അഭയ കേന്ദ്രത്തിൽ എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം നേടിയെടുക്കാനായി ആദ്യ ഭാര്യയെ മാനസികരോ​ഗി എന്ന് വരുത്തിതീർക്കാൻ ഉർഫാൻ ഷരീഫിന് സാധിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നിൽ മാനസിക രോ​ഗിയായ രണ്ടാം ഭാര്യയാണ് കാരണമെന്ന് ഇയാൾ വിചാരണയ്ക്കിടെ നിരവധി തവണ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇയാളുടെ വാദം തള്ളുകയായിരുന്നു.