ആങ്കറുടെ പരാമര്‍ശത്തിൽ ട്രംപിന് 15 മില്യൺ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ എബിസി ന്യൂസ്, മാന നഷ്ടക്കേസ് ഒത്തുതീര്‍ന്നു

Advertisement

വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ച് എബിസി ന്യൂസ്.15 മില്യൺ ഡോളര്‍ നഷ്ടപരിഹാരമായി നൽകാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി. ഇക്കഴിഞ്ഞ മാർച്ച് 10 ന് ഒരു അഭിമുഖത്തിനിടെയാണ് ആങ്കര്‍ ജോർജ്ജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ച് വിവാദ പരാമര്‍ശം നടത്തിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി, ആദ്യം ഫോക്സ് ന്യൂസ് ഡിജിറ്റലും, എബിസി ന്യൂസും സ്റ്റെഫാനോപോളസിന്റെ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. പ്രസിഡൻഷ്യൽ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് 15 മില്യൺ കൈമാറുക. ട്രംപിന്റെ കോടതി ചെലവായ ഒരു മില്യൺ ഡോളറും എബിസി ന്യൂസ് നൽകും.

1996-ൽ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വെച്ച് മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗ കേസ് തെളിയിക്കാൻ സാധിച്ചില്ല. 2023-ൽ സിഎന്നിനെതിരെ ട്രംപ് നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളിയിരുന്നു. അതിൽ സിഎൻഎൻ തന്നെ അഡോൾഫ് ഹിറ്റ്‌ലറുമായി ഉപമിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ന്യൂയോർക്ക് ടൈംസിനും വാഷിംഗ്ടൺ പോസ്റ്റിനുമെതിരെ ട്രംപ് ഫയൽ ചെയ്ത കേസുകളും കോടതി തള്ളിയിരുന്നു.