‘മണിക്കൂറിൽ 225 കിലോമീറ്റർ വേഗം’, മായോട്ടെ ദ്വീപ് സമൂഹത്തെ തകർത്ത് ചിഡോ ചുഴലിക്കാറ്റ്

Advertisement

പാരീസ്: ഫ്രാൻസിലെ ദ്വീപ് സമൂഹമായ മായോട്ടെയെ തകർത്തെറിഞ്ഞ് ചിഡോ ചുഴലിക്കാറ്റ്. മണിക്കൂറിൽ 225 കിലോമീറ്റർ ശക്തിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ നൂറുകണക്കിന് ആളുകൾ മരണപ്പെട്ടതായാണ് വിലയിരുത്തൽ. ദ്വീപ് സമൂഹത്തിന്റെ പല മേഖലയിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും സാധിച്ചിട്ടില്ലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മൊസാംബിക് മേഖലയിലുള്ള ദ്വീപ് സമൂഹങ്ങൾ ചിഡോ ചുഴലിക്കാറ്റിന് പിന്നാലെ സാരമായ നാശമാണ് നേരിടുന്നത്.

ഭക്ഷണവും വെള്ളവും താമസിക്കാൻ ഇടവും ഇല്ലാത്ത അവസ്ഥയിലാണ് ദ്വീപ് സമൂഹത്തിലെ 320000ത്തോളം ആളുകൾ. രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ മായോട്ടെ ഫ്രാൻസിൽ നിന്നുള്ള സഹായത്തിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ദേശീയ പട്ടിണി നിരക്കിനും താഴെയുള്ളവരാണ് ദ്വീപിലെ 75 ശതമാനം ആളുകൾ. നാശനഷ്ടം വിലയിരുത്താനും കഷ്ടിച്ച് ചുഴലിക്കാറ്റിനെ അതിജീവിച്ചവരേയും സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഫ്രാൻസ് വിശദമാക്കുന്നത്.

മൊസാംബിക്കിൽ പേമാരിയും വലിയ രീതിയിലുള്ള നാശനഷ്ടവും ഉണ്ടാക്കിയ ശേഷമാണ് ചിഡോ മായോട്ടെ ദ്വീപിലേക്ക് എത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് മൊസാംബിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പെംബയിലാണ് ചിഡോ ചുഴലിക്കാറ്റ് കരതൊട്ടത്. കെട്ടിടങ്ങൾ വലിയ രീതിയിൽ തകർക്കുകയും വൈദ്യുതി തടസവും ചുഴലിക്കാറ്റ് മായോട്ടെയിൽ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ.