ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് പദവിയിൽ ജോ ബൈഡന്‍റെ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം പ്രഖ്യാപിച്ചു. ഡൊണൾഡ് ട്രംപിന് അധികാരം കൈമാറുന്നതിന് മുന്നോടിയായി ജനുവരിയിലാണ് പ്രസിഡന്‍റ് ബൈഡൻ അവസാന ഔദ്യോഗിക വിദേശ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നത്. പടിയിറങ്ങും മുന്നേ മാർപാപ്പയുടെ അടുത്തേക്കാകും ബൈഡൻ എത്തുക. വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണ് ബൈഡന്‍റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ജനുവരി ഒൻപതിനാകും പ്രസിഡന്റ് ബൈഡന്‍റെ അവസാന ഔദ്യോഗിക സന്ദർശനം തുടങ്ങുക. ഇറ്റലി, വത്തിക്കാന്‍ സന്ദര്‍ശനം നടത്തി ജനുവരി 12 നാകും ബൈഡൻ മടങ്ങിയെത്തുകയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിലവിലെ തീരുമാനപ്രകാരം ജനുവരി 10 നാകും ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. തികച്ചും വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയാകും ബൈഡനും മാർപാപ്പയും തമ്മിൽ നടത്തുകയെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ആഗോള തലത്തിൽ സമാധാനം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾ മാര്‍പാപ്പയുമായി ബൈഡന്‍ നടത്തിയേക്കുമെന്നും വൈറ്റ് ഹൗസ് വിവരിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും ബൈഡൻ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. ഇറ്റലിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള ചർച്ചകളാകും മെലോണിയുമായി നടത്തുകയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുള്ളത്. ഇറ്റലിയും വത്തിക്കാനും സന്ദർശിച്ച ശേഷം മടങ്ങിയെത്തുന്ന ബൈഡൻ ഒരാഴ്ചയ്ക്ക് ശേഷമാകും സ്ഥാനമൊഴിയുക. ഔദ്യോഗിക തീരുമാന പ്രകാരം ജനുവരി 20 നാണ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ബൈഡൻ അധികാരം കൈമാറുക. നേരിട്ട് തന്നെ ചടങ്ങിൽ പങ്കെടുത്താകും ബൈഡൻ, ട്രംപിന് അധികാരം കൈമാറുകയെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുള്ളതിനാൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ബൈഡൻ പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. പ്രസിഡന്‍റ് ബൈഡൻ മാത്രമല്ല നിലവിലെ പ്രഥമ വനിത ജിൽ ബൈഡനും ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബെറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.