മെക്‌സിക്കോ: പ്രശസ്ത റെസ്ലിംഗ് താരം റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. മിഗൽ ഏഞ്ചൽ ലോപ്പസ് ഡയാസ് എന്നാണ് യഥാർത്ഥ പേര്. ഡബ്ല്യു ഡബ്ല്യു ഇ താരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
മെക്‌സിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് മത്സരമായ ലുച്ച ലിബ്രയിലൂടെയാണ് മിസ്റ്റീരിയോ സീനിയർ ജനപ്രീതി നേടിയതും റെസ്ലിംഗ് രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ചതും. ലോക റെസ്ലിംഗ് അസോസിയേഷൻ, ലുച്ച ലിബ്ര എഎഎ വേൾഡ്‌വൈഡ് എന്നിവ സംഘടിപ്പിച്ച മത്സരങ്ങളിൽ മിസ്റ്റീരിയോ സീനിയർ. ചാമ്പ്യനായിരുന്നു. വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്ലിംഗ് സ്റ്റാർകേഡ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ റേ യുടെ പ്രകടനം താരത്തിന് ലോകപ്രശ്‌സ്തി നേടിക്കൊടുത്തു.
പലനിറങ്ങളിലുള്ള മാസ്‌ക് ധരിച്ച് വളരെ ഉയരത്തിൽ പറന്ന് വന്ന് എതിരാളികളെ ആക്രമിക്കുന്ന രീതിയാണ് റേയെ ആരാധകർക്കിടയിൽ ഇത്രമാത്രം പ്രിയങ്കരനാക്കി മാറ്റിയത്. 2009ലാണ് റേ ഔദ്യോഗികമായി വിരമിച്ചത്. എന്നാൽ, കായികരംഗത്തോടുള്ള പ്രിയം അദ്ദേഹത്തെ 2023ലും ഇടിക്കൂട്ടിൽ കൊണ്ടുനിർത്തി. ഇടിക്കൂടിന് പുറത്ത് മെന്ററായും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരുന്നു.