വാഷിങ്ടൻ: യുഎസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം.1500 പേർക്ക് ജയിൽശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയിരുന്നു. പൊലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറൽ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സൗത്ത് കാരോലൈനയിലെ പള്ളിയിൽ ആഫ്രിക്കൻ വംശജരായ 9 പേരെ കൊലപ്പെടുത്തിയ ഡിലൻ റൂഫ്, ബോസ്റ്റൺ മാരത്തണിനിടെ സ്ഫോടനം നടത്തിയ ഡ്ഷോഖർ സരനേയ്, പിറ്റ്സ്ബർഗിലെ സിനഗോഗിൽ 11 പേരെ വെടിവച്ചുകൊന്ന റോബർട്ട് ബവേഴ്സ് എന്നിവർ മാത്രമേ ഫെഡറൽ സർക്കാരിന്റെ വധശിക്ഷാത്തടവുകാരായി ഇനിയുള്ളൂ.
2021 ജനുവരി 20ന് അധികാരമേറ്റ ബൈഡൻ സർക്കാർ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. മനുഷ്യക്കടത്തുകാർക്കും ലഹരിമരുന്ന് വിൽപനക്കാർക്കും വധശിക്ഷ നൽകുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രഖ്യാപിച്ചിരുന്നു.