ആഭ്യന്തര, അന്താരാഷ്ട്ര സ‍ർവീസുകൾ വൈകി, ചെക്ക് ഇൻ താറുമാറായി; സൈബ‍ർ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് ജപ്പാൻ എയർലൈൻസ്

Advertisement

ടോക്കിയോ: സൈബ‍ർ ആക്രമണം നേരിട്ട ജപ്പാൻ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താളംതെറ്റി. ലഗേജ് ചെക്ക് ഇൻ സംവിധാനത്തിലും പ്രശ്നങ്ങൾ നേരിട്ടു. എന്നാൽ പ്രശ്നം തിരിച്ചറി‌ഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി പിന്നീട് അറിയിച്ചു. എന്നാൽ വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരികയോ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ജപ്പാനിലെ പൊതുമേഖലാ മാധ്യമമായ എൻഎച്ച്കെയാണ് വിമാന സർവീസുകളിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൾ നിപ്പോൺ എയർവേയ്സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാൻ എയർലൈൻസ്. രാജ്യത്തെ വിവിധ എയർ പോർട്ടുകളിലെ ഒരു ഡസനിലധികം സർവീസുകളെ ബാധിച്ചു. ലഗേജ് ചെക്ക് ഇൻ സ‍ർവീസുകളിലും പ്രശ്ന്ങ്ങളുണ്ടായി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞതായും അത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുന്നതായും കമ്പനി സോഷ്യൽ മീഡിയയിലൂടെ പിന്നീട് അറിയിച്ചു.

ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് താത്കാലികമായി നിർത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് നേരെയുണ്ടായ സൈബർ ആക്രമണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച രാവിലെ വ്യക്തമാക്കി. സാങ്കേതിക തകരാർ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണിയിൽ ജപ്പാൻ എയർലൈൻസിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയിൽ ഇത് മെച്ചപ്പെടുത്തുകയും ചെയ്തു. നേരത്തെ ജപ്പാനിലെ ബഹിരാകാശ ഏജൻസി ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങൾക്ക് നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here