ടെഹ്റാൻ: പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തകയായ സിസിലിയ സാല (29) യെ ഇറാൻ അറസ്റ്റ് ചെയ്ത് ഏകാന്ത തടവിലാക്കി. ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. സിസിലിയ സാലയുടെ അറസ്റ്റിൽ കനത്ത പ്രതിഷേധം അറിയിച്ചും ഉടനടി വിട്ടയക്കണമെന്നും ഇറ്റാലിയൻ വിദേശകാര്യമന്ത്രാലയ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വച്ച് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 29 കാരിയായ സിസിലിയ സാല, ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ ചോറ മീഡിയയിലുമാണ് ജോലി ചെയ്യുന്നത്. ഡിസംബർ 19 ന് ടെഹ്‌റാനിൽ വെച്ച് ഇറാനിയൻ പൊലീസ് സിസിലിയയെ അറസ്റ്റ് ചെയ്തതെന്നാണ് ഇറ്റാലിയൻ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞത്.
ഒരാഴ്ചയായി ഇവർ ഇറാനിൽ ഏകാന്തതടവിലാണെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മാധ്യമ പ്രവർത്തകർക്ക് അനുവദിച്ച വിസയില്‍ ടെഹ്റാനിലെത്തിയ സിസിലിയ, ഇറാനിൽ നിന്നും നിരവധി റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. പ്രധാനമായും യുദ്ധ സാഹചര്യവും ഇറാനിലെ സാമൂഹികാവസ്ഥയും സ്ത്രീകളുടെ വിഷയങ്ങളുമെല്ലാം സിസിലിയയുടെ റിപ്പോർട്ടിൽ പ്രതിപാദിക്കപ്പെട്ടിരുന്നു.
ഡിസംബർ 12 ന് റോമിൽ നിന്നാണ് സിസിലിയ ഇറാനിലെത്തിയത്. ശേഷം നിരവധി അഭിമുഖങ്ങൾ നടത്തുകയും അവരുടെ ‘സ്റ്റോറികൾ’ മൂന്ന് എപ്പിസോഡുകളായി പുറത്തുവന്നതായും ചോറ മീഡിയ പറഞ്ഞു. ഡിസംബർ 20 ന് റോമിലേക്ക് തിരികെ പോകാനിരിക്കെയാണ് ടെഹ്റാൻ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. അറസ്റ്റിന്‍റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ടെഹ്റാനിലെ എവിന്‍ ജയിലിലാണ് നിലവില്‍ സാലയെ തടവില്‍ പാർപ്പിച്ചിരിക്കുന്നത്. സുരക്ഷാ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുന്നവരെ തടവില്‍വെയ്ക്കുന്ന ജയിലാണിത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ 2018 ൽ അമേരിക്ക കരിമ്പട്ടികയിലാക്കിയ ജയിൽ കൂടിയാണിത്. വെള്ളിയാഴ്ച സാലയെ ജയിലില്‍ ഇറ്റാലിയന്‍ അംബാസിഡർ പാവോല അമാദേയി സന്ദർശിച്ചിരുന്നു. സാല ആരോഗ്യവതിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജയിലില്‍ നിന്നും ബന്ധുക്കള്‍ക്ക് രണ്ട് ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാലയ്ക്ക് അനുമതി ലഭിച്ചെന്നും ഇറ്റാലിയന്‍ അംബാസിഡർ വിവരിച്ചു. സാലയെ ഇറാൻ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്നും ശക്തമായ പ്രതിഷേധം അറിയിച്ചെന്നും ഉടൻ തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വിവരിച്ചു. എന്നാൽ ഇതിനോട് ഇറാൻ ഇതുവരെയും പ്രതികരിച്ചതായി റിപ്പോർട്ടുകളില്ല.