വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. 100 വയസ്സായിരുന്നു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.
2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.