ഇനി ‘സിമ്മർ ഡേറ്റിങ്ങി’ന്റെ കാലം; പ്രണയബന്ധങ്ങളെ പൊളിച്ചെഴുതി പുതുതലമുറ!

Advertisement

ആധുനിക ലോകം ചടുലമാണ്. നിര്‍മിത ബുദ്ധി അടക്കമുള്ളവ മനുഷ്യന്റെ എല്ലാ കാര്യങ്ങളും വേഗതയിലാക്കുന്നു. ഒരു കഥയോ കവിതയോ എഴുതണമെങ്കിൽ പോലും സെക്കൻഡുകൾ കൊണ്ട് സാധ്യമാകുന്ന ലോകം. സാങ്കേതികവിദ്യകളുടെ ഈ വളർച്ച വ്യക്തിബന്ധങ്ങളിൽ പോലും ദൃശ്യമാണ്. സുഹൃദ്ബന്ധമോ പ്രണയബന്ധമോ ഏതുമാകട്ടെ പരസ്പരം കാര്യങ്ങൾ തുറന്നു പറയാനും അടുത്തഘട്ടത്തിലേയ്ക്ക് കടക്കാനും മുന്നിലുള്ള അനന്ത സാങ്കേതിക സാധ്യതകൾ ഉപയോഗിക്കുന്നവരാണ് ജെനറേഷൻ സി. എന്നാൽ ഡേറ്റിങ്ങിന്റെ കാര്യത്തിൽ പുതിയ തലമുറ ഇപ്പോൾ കളം അൽപം മാറ്റുന്നുണ്ടെന്നാണ് വിലയിരുത്തൽ. പങ്കാളിയെ പെട്ടെന്ന് കണ്ടെത്തി ബന്ധം സ്ഥാപിക്കുന്നതിനു പകരം സമയമെടുത്ത് പരസ്പരം മനസ്സിലാക്കി ബന്ധം കെട്ടിപ്പടുക്കുന്നതിന് യുവജനത പ്രാധാന്യം നൽകിത്തുടങ്ങിയിരിക്കുന്നു. ഈ പുതിയ റൊമാൻസ് ട്രെൻഡ് സിമ്മർ ഡേറ്റിങ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഒറ്റ സ്വൈപ്പിൽ ഡേറ്റിങ്ങിലേയ്ക്ക് കടന്ന് പിന്നീട് യോജിച്ച വ്യക്തിയല്ല എന്ന് മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ മനസ്സിലാക്കി പിന്തിരിയുന്ന പ്രവണതയ്ക്ക് ഇന്ന് പ്രാധാന്യം കുറയുന്നുണ്ട്. അതുപോലെ ഓൺലൈൻ ആപ്പുകൾ അടിസ്ഥാനമാക്കി ഡേറ്റിങ് പങ്കാളിയെ കണ്ടെത്താനും പുതുതലമുറ വിമുഖത പ്രകടിപ്പിക്കുന്നു. ഒപ്പമുള്ള വ്യക്തിയെ ആഴത്തിൽ മനസ്സിലാക്കി ദൃഢമായ ബന്ധം വളർത്താൻ താൽപര്യപ്പെടുന്നവരാണ് ഇന്ന് അധികവും. ശാരീരിക അടുപ്പം സൃഷ്ടിക്കുന്നതിനും അതുവഴി പ്രണയബന്ധത്തിൽ വേഗത്തിൽ കമ്മിറ്റഡാകുന്നതിനും പകരം വൈകാരിക അടുപ്പത്തിനു ജെൻ സി മുൻതൂക്കം നൽകുന്നു. എല്ലാ കാര്യങ്ങളിലും പരസ്പരം എത്രത്തോളം യോജിച്ചു പോകാനാകുന്നു എന്ന് പൂർണമായി മനസ്സിലാക്കാനുള്ള സമയമെടുക്കാൻ ഇവർ തയാറുമാണ്.

പ്രണയ ബന്ധങ്ങളുടെ തകർച്ച പലപ്പോഴും അതിൽ ഉൾപ്പെട്ട ഒരു വ്യക്തിക്കാവും വലിയ ഹൃദയവേദന നൽകുന്നത്. ഇരുകൂട്ടരുടെയും ഭാഗത്തുനിന്നും ഒരേപോലെയുള്ള പ്രതിബദ്ധത ആ ബന്ധത്തിൽ ഇല്ലാത്തതാണ് ഇതിന് കാരണമാകുന്നതും. ഇങ്ങനെ പെട്ടെന്നെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ തുടർന്ന് ആഴ്ചകളോ മാസങ്ങളോ വിഷമിച്ചു നടക്കാൻ തങ്ങൾ ഒരുക്കമല്ല എന്ന പുതുതലമുറയുടെ നിലപാടാണ് സിമ്മർ ഡേറ്റിങ്ങിലൂടെ പ്രകടമാകുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിരാശ ഉണ്ടാവാനുള്ള സാധ്യത പരമാവധി കുറച്ചുകൊണ്ട് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് സമയമെടുത്ത് മനസ്സിലാക്കാനുള്ള വൈകാരിക ബുദ്ധി സിമ്മർ ഡേറ്റിങ്ങിനു പ്രാധാന്യം നൽകുന്നവർക്കുണ്ട്.

പരസ്പരം അയയ്ക്കുന്ന ആദ്യ സന്ദേശം മുതൽ അവസാന കണ്ടുമുട്ടൽ വരെയുള്ള ഓരോ കാര്യങ്ങളും വ്യക്തമായി വിശകലനം ചെയ്ത് ഘട്ടം ഘട്ടമായി മാത്രം ആ വ്യക്തിയിലേയ്ക്ക് കൂടുതൽ അടുക്കുന്നതാണ് രീതി. ബാഹ്യസൗന്ദര്യത്തിനും പെരുമാറ്റത്തിനുമപ്പുറം പങ്കാളിയുടെ നെഗറ്റിവിറ്റികൾ മനസ്സിലാക്കാനുള്ള സമയം ഇരുവർക്കും ഇതിലൂടെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ ബന്ധത്തിൽ വച്ചുപുലർത്തേണ്ടി വരുന്നില്ല. പൊരുത്തക്കേടുകൾ തിരിച്ചറിഞ്ഞാൽ അത് ഹൃദയ തകർച്ചയിലേയ്ക്കെത്തുന്നതിനു മുൻപ് ബന്ധത്തിൽ നിന്നും പിന്തിരിയാനുള്ള അവസരവും ഇത് ഒരുക്കുന്നുണ്ട്.

വ്യക്തിഗത വളർച്ചയിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം ലഭിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പങ്കാളിയെ അറിയുന്നതിനൊപ്പം സ്വയം ബോധവാന്മാരാകാനും മുന്നിൽ വന്നേക്കാവുന്ന വെല്ലുവിളികളെ എത്തരത്തിൽ കൈകാര്യം ചെയ്യണമെന്ന് തിരിച്ചറിയാനും സിമ്മർ ഡേറ്റിങ് പുതുതലമുറയെ പ്രാപ്തരാക്കുന്നുണ്ട്. മനഃശാസ്ത്രപരമായി ചിന്തിക്കുമ്പോൾ സിമ്മർ ഡേറ്റിങ്ങിനു ഗുണഫലങ്ങൾ ഏറെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

റിഹാബിലിറ്റേഷൻ കൗൺസിലറും സൈക്കോതെറാപ്പിസ്റ്റുമായ സോനാൽ ഘാംഗരോട്ടിന്റെ അഭിപ്രായത്തിൽ പ്രണയബന്ധത്തോടുള്ള ക്രമാനുഗതമായ ഈ സമീപനം പരസ്പര വിശ്വാസം ദൃഢമാക്കുകയും സുരക്ഷിതമായ രീതിയിൽ ബന്ധം വളർത്താനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ട്. ഒപ്പമുള്ള ആളുടെ കാഴ്ചപ്പാടുകളും താൽപര്യങ്ങളും പൂർണമായി മനസ്സിലാക്കിയതിനു ശേഷം പ്രതിബദ്ധരാകുന്നത് ഭാവിയിലുള്ള സങ്കീർണതകൾ ഒഴിവാക്കാനും സഹായിക്കും. ആത്യന്തികമായി ഏതു പ്രതിസന്ധിഘട്ടത്തിലും താങ്ങും തണലുമായി ഒപ്പമുണ്ടാകുന്ന ഒരു വ്യക്തിയെ കണ്ടെത്താനാവുന്നതാണ് പ്രണയബന്ധങ്ങളുടെ സൗന്ദര്യം. സിമ്മർ ഡേറ്റിങ് അത്തരത്തിൽ ഓരോ വ്യക്തിക്കും ഏറ്റവും അനുയോജ്യരെന്ന് ഉറപ്പുള്ള പങ്കാളിയെ കണ്ടെത്താനുള്ള മികച്ച അവസരമാണ് തുറന്നു വയ്ക്കുന്നത്. മാനസികാരോഗ്യത്തിനു പുതുതലമുറ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്റെ ഉദാഹരണമായിക്കൂടി ഈ പുതിയ ട്രെൻഡിനെ കാണാം.

പുതുതലമുറയുടെ അഭിപ്രായങ്ങളും താത്പര്യങ്ങളും നിരന്തരം സമൂഹത്തിന്റെ വിമർശനങ്ങൾക്കും സൂക്ഷ്മ പരിശോധനകൾക്കും വിധേയമാകുന്ന ഒരു കാലഘട്ടത്തിൽ സിമ്മർ ഡേറ്റിങ് ഒരു ഗെയിം ചേഞ്ചർ തന്നെയാണ്. ശാരീരികവും വൈകാരികപരവുമായ സുരക്ഷിതത്വത്തിന് ഊന്നൽ നൽകി, തെറ്റും ശരിയും കൃത്യമായി മനസ്സിലാക്കി, പലയാവർത്തി ചിന്തിച്ചെടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കും. എന്തെങ്കിലും പ്രേരണയുടെ പേരിൽ കണ്ണുംപൂട്ടി ഒരു പ്രണയബന്ധത്തിൽ അകപ്പെട്ട് വർഷങ്ങൾ ഹോമിച്ചുകളയാതെ സ്വന്തം വികാരങ്ങളെ വിലമതിക്കാനും മൂല്യവത്തെന്ന് ഉറപ്പുള്ള ബന്ധത്തിൽ മാത്രം സമയവും വ്യക്തിത്വവും നിക്ഷേപിക്കാനും സിമ്മർ ഡേറ്റിങ് ട്രെൻഡ് ജെൻ സിയെ സഹായിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here