ജറുസലം: ഗാസ വെടിനിർത്തൽ കരടുരേഖ ഹമാസ് അംഗീകരിച്ചു. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്തു ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടക്കുന്ന ചർച്ചയിലാണു കരടുരേഖയായത്. 20നു ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപു വെടിനിർത്തൽ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടം മധ്യസ്ഥതയ്ക്കിറങ്ങിയത്.
ചർച്ച അവസാനഘട്ടത്തിലാണെന്നും ഇതുവരെയുള്ള കാര്യങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ചർച്ചയിൽ പുരോഗതിയുണ്ടെന്നും വിശദാംശങ്ങളിൽ അന്തിമ തീരുമാനമാകേണ്ടതുണ്ടെന്നുമാണ് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിനിടെ, 24 മണിക്കൂറിൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ നാല് കുട്ടികളടക്കം 61 പലസ്തീൻകാർ കൊല്ലപ്പെട്ടു.
കരാറിന് മൂന്നു ഘട്ടം
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യുഎൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായാണു നടപ്പാക്കുക. 42 ദിവസമുള്ള ഒന്നാം ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെയും മോചിപ്പിക്കും.
ആദ്യഘട്ടം 16 ദിവസമാകുമ്പോൾ രണ്ടാം ഘട്ട ചർച്ച ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്ന ബന്ദികളെയും ഹമാസ് വിട്ടയയ്ക്കണമെന്നും പകരമായി പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കുമെന്നു കരടുരേഖ ശുപാർശ ചെയ്യുന്നു. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യാതെ മറ്റു ബന്ദികളെ വിടില്ലെന്നാണു ഹമാസ് നിലപാട്.
ഹമാസിനെ ഇല്ലാതാക്കാതെ സൈന്യം പിന്മാറില്ലെന്നാണ് നെതന്യാഹു സർക്കാർ നയം. മൂന്നാം ഘട്ടത്തിൽ, ഗാസയിൽ മരിച്ച ഇസ്രയേൽ പൗരന്മാരായ ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറും. ഈ ഘട്ടത്തിൽ രാജ്യാന്തര സമൂഹത്തിന്റെ മേൽനോട്ടത്തിൽ 3–5 വർഷത്തെ ഗാസ പുനർനിർമാണ പദ്ധതി ആരംഭിക്കും.