വീണ്ടും ചർച്ചയായി ഒബാമയുമായുള്ള വേർപിരിയൽ; ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേല്‍ പങ്കെടുക്കില്ല

Advertisement

വാഷിംഗ്ടണ്‍: തിങ്കളാഴ്ച്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒബാമയുടെ ഓഫീസ് സ്ഥിരീകരണം നല്‍കിയിരുന്നു. ഇതോടെ ബരാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളും അമേരിക്കയില്‍ പടര്‍ന്നു പിടിക്കുകയാണ്.

ഈ മാസം ഇത് രണ്ടാം തവണയാണ് മിഷേല്‍ ഒബാമ ഒരു ഔദ്യോഗിക പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ജനുവരി ഒൻ‍പതിന് നടന്ന അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളും കൂട്ടി വായിച്ചാണ് ഇരുവരുടെയും വേര്‍പിരിയല്‍ സമൂഹ മാധ്യമങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നത്. എക്സിലൂടെ നിരവധി പ്രതികരണങ്ങളാണ് ‌ഇത് സംബന്ധിച്ച് ഉയര്‍ന്നു വരുന്നത്.

അതേ സമയം കൃത്യമായ നിലപാടുള്ള സ്ത്രീയാണ് മിഷേല്‍ ഒബാമയെന്നും അതു കൊണ്ടാകാം ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലടക്കം അവര്‍ പങ്കെടുക്കാതിരിക്കുന്നതെന്നും എക്സിലൂടെ ചിലര്‍ അഭിപ്രായമായി രേഖപ്പെടുത്തിയിട്ടുണ്ട്. മിഷേലിന്റെ അമ്മ ഈയിടയ്ക്കാണ് മരിച്ചതെന്നും അതിന്റെ ദുഖത്തില്‍ തുടരുകയാണ് അവര്‍ ഇപ്പോഴുമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.