വാഷിങ്ടൻ: പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയെക്കുറിച്ച് യുഎസ് ഭരണഘടനയിൽ കാര്യമായി പറയുന്നില്ല. ഈസ്റ്റേൺ സമയക്രമത്തിൽ ജനുവരി 20ന് ഉച്ചയ്ക്ക് എന്നും 35 വാക്കുകൾ ഉൾപ്പെടുന്ന സത്യപ്രതിജ്ഞാ വാചകം എന്നുമാണ് ആകെ പറഞ്ഞിരിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ മറ്റുപല ആഘോഷങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി മാറി.
ഇത്തവണ ആഘോഷങ്ങൾക്ക് ഒട്ടും കുറവു വേണ്ടെന്നാണ് ട്രംപിന്റെ നിലപാട്. നാലു വർഷങ്ങൾക്കു മുൻപ് ജോ ബൈഡനോടു പരാജയപ്പെട്ടത് അംഗീകരിക്കാൻ ട്രംപ് തയാറായിരുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിലും ജനുവരി ആറിന് ക്യാപിറ്റളിലുണ്ടായ പ്രക്ഷോഭത്തിനും പിന്നാലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. അന്ന് ട്രംപ് ചടങ്ങുകൾ ബഹിഷ്കരിക്കുകയും ചെയ്തു.
ഇത്തവണ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മരണത്തെ തുടർന്ന് 30 ദിവസത്തേക്ക് ക്യാപിറ്റളിലെ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദേശം നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന്റെ അത്രയും സമയം മാത്രം താൽക്കാലികമായി ഈ പതാകകൾ ഉയർത്തിക്കെട്ടും. ഈസ്റ്റേൺ സമയം (ഇടി) ഉച്ചയ്ക്ക് കൃത്യം 12ന് (ഇന്ത്യൻ സമയം രാത്രി 10.30ന്) സത്യപ്രതിജ്ഞ ചെയ്യും. ജനുവരിയിലെ മൂന്നാം തിങ്കളാഴ്ചയായ ഇതേ ദിവസമാണ് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജന്മദിനമായി ആചരിക്കുന്നത്. 2013ൽ ബറാക് ഒബാമയുടെയും 1997ൽ ബിൽ ക്ലിന്റന്റെയും സത്യപ്രതിജ്ഞയും ജനുവരിയിലെ മൂന്നാം തിങ്കളാഴ്ചയായിരുന്നു.
ഉച്ചയ്ക്ക് 11.30ന് പ്രസംഗങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ ആരംഭിക്കും. ബൈബിളിൽ കൈവച്ച് 35 വാക്കുകളുള്ള സത്യവാചകം ട്രംപ് ചൊല്ലും. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് വാചകം ചൊല്ലിക്കൊടുക്കും. ‘‘ഐ ഡു സോളംലി സ്വീയർ ദാറ്റ് ഐ വിൽ ഫെയ്ത്ഫുള്ളി എക്സിക്യൂട്ട് ദി ഓഫിസ് ഓഫ് ദി പ്രസിഡന്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്, ആൻഡ് വിൽ ടു ദി ബെസ്റ്റ് ഓഫ് മൈ എബിലിറ്റി, പ്രിസേർവ്, പ്രൊട്ടക്ട് ആൻഡ് ഡിഫെൻഡ് ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റസ്’’ (I do solemnly swear that I will faithfully execute the office of the president of the United States, and will to the best of my ability, preserve, protect and defend the constitution of the United States). ട്രംപിനു പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നിമിഷങ്ങൾക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യും.
ശൈത്യക്കാറ്റു മൂലം അപകടകരമായിത്തീർത്ത കാലാവസ്ഥ പരിഗണിച്ചു തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ. അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. 2017ൽ അധികാരത്തിലേറിയപ്പോൾ 16 മിനിറ്റ് നീണ്ട പ്രസംഗത്തിൽ അമേരിക്ക ആദ്യം എന്ന അജണ്ടയിൽ ഊന്നിയാണ് ട്രംപ് സംസാരിച്ചത്.
∙ സത്യപ്രതിജ്ഞയ്ക്ക് സമാഹരിച്ചത് 170 മില്യൻ
ട്രംപ് – വാൻസ് ഇനാഗുറൽ കമ്മിറ്റി സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഇതുവരെ 170 മില്യൻ യഎസ് ഡോളർ സമാഹരിച്ചിട്ടുണ്ട്. ഇത് 200 മില്യൻ യുഎസ് ഡോളറിനു മുകളിലെത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 2009ൽ ഒബാമയുടേത് 53 മില്യൻ യുഎസ് ഡോളറും 1997ൽ ക്ലിന്റന്റേത് 24 മില്യൻ യുഎസ് ഡോളറുമായിരുന്നു. ലോകത്തെ അഞ്ച് മുൻനിര ടെക്ക് കമ്പനികൾ ഓരോരുത്തരും കുറഞ്ഞത് ഒരു മില്യൻ യുഎസ് ഡോളറെങ്കിലും ഇതിലേക്കു സംഭാവന ചെയ്തിട്ടുണ്ട്. പതിവിനു വിപരീതമായി മൈക്രോസോഫ്റ്റ് സംഭാവന ഇരട്ടിയാക്കി ഒരു മില്യൻ യുഎസ് ഡോളർ നൽകി.
ഗൂഗിൾ കഴിഞ്ഞ തവണ നൽകിയ 2,85,000 യുഎസ് ഡോളറെന്നതു മൂന്നിരട്ടിയാക്കി ഒരു മില്യൻ യുഎസ് ഡോളറായി നൽകി. ഓട്ടമൊബീൽ കമ്പനികളും മികച്ച രീതിയിൽ പിന്തുണച്ചു. ടൊയോട്ട, ഫോർഡ്, ജനറൽ മോട്ടോഴ്സ് തുടങ്ങിയവ ഓരോ മില്യൻ വച്ചാണ് സംഭാവന ചെയ്തത്. ഫൈസർ, ഹിംസ് ആൻഡ് ഹേർസ്, ഇൻടൂയിറ്റ് ആൻഡ് റോബൻഹുഡ് എന്നീ കമ്പനികളും നല്ലൊരുതുകയാണു സംഭാവന ചെയ്തത്.
മുൻ പ്രസിഡന്റുമാർ, ടെക് കമ്പനികളുടെ നേതൃത്വം, വിദേശ നേതാക്കൾ തുടങ്ങിയവരാണു സത്യപ്രതിജ്ഞയ്ക്കെത്തുന്ന പ്രമുഖർ. ക്യാപിറ്റളിന്റെ അകത്തേക്കു മാറ്റുന്നതിനു മുൻപ് രണ്ടര ലക്ഷത്തോളം പേർക്കായിരുന്നു ചടങ്ങുകൾക്ക് സാക്ഷിയാകാൻ ടിക്കറ്റ് ലഭിച്ചിരുന്നത്. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്.
∙ ആഘോഷങ്ങൾ അവസാനിക്കുക ചൊവ്വാഴ്ച
ആഘോഷങ്ങൾ ശനിയാഴ്ചത്തന്നെ തുടങ്ങിയിരുന്നു. ട്രംപിന്റെ വിർജീയയിലെ ഗോൾഫ് ക്ലബിൽ വൻ സ്വീകരണവും കരിമരുന്ന് പ്രകടനവും നടത്തി. പിന്നാലെ കാബിനറ്റ് റിസെപ്ഷനും വൈസ് പ്രസിഡന്റിന്റെ അത്താഴ വിരുന്നും അന്നുതന്നെ നടത്തി. ഞായറാഴ്ച അർലിങ്ടൻ സെമിത്തേരിയിൽ റീത്ത് സമർപ്പിച്ച ട്രംപ്, ക്യാപിറ്റൾ വൺ അറീനയിൽ വിക്ടറി റാലിയും കാൻഡിൽ ലൈറ്റ് അത്താഴവിരുന്നും നടത്തി.
സത്യപ്രതിജ്ഞാദിനം രാവിലെ സെന്റ് ജോൺസ് പള്ളിയിലെ പ്രഭാത ആരാധയിൽ ട്രംപ് പങ്കെടുക്കും. പിന്നാലെ വൈറ്റ് ഹൗസിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റും ഭാര്യയും ചേർന്നു നിയുക്ത പ്രസിഡന്റിന് ചായ സൽക്കാരം. പിന്നീട് സത്യപ്രതിജ്ഞ. പിന്നാലെ ക്യാപിറ്റളിലെ പ്രസിഡന്റിന്റെ മുറിയിലെത്തി അത്യാവശ്യം ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കും. ജോയിന്റ് കോൺഗ്രഷെനൽ കമ്മിറ്റി നടത്തുന്ന ഉച്ചഭക്ഷണ സൽക്കാരത്തിൽ പങ്കെടുക്കും. പിന്നീട് സൈനിക റെജിമെന്റ്, ബാൻഡ് മാർച്ച്. ഓവൽ ഓഫിസിലെത്തി ഒപ്പുവയ്ക്കും, മൂന്ന് ചടങ്ങുകളിൽ ട്രംപ് സംസാരിക്കും. ചൊവ്വാഴ്ച രാവിലത്തെ നാഷനൽ പ്രെയർ സർവീസ് ചടങ്ങോടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തിയാകും.