സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വന്തം ഡീപ് ഫേക്ക് പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് റിയാലിറ്റി താരവും ബ്രിട്ടിഷ് നടിയുമായ വിക്കി പാറ്റിസണ്‍. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന ഡോക്യുമെന്ററിക്കായി തയാറാക്കിയ വിഡിയോയുടെ ഭാഗങ്ങള്‍ പാറ്റിസണ്‍ ലീക്ക് ചെയ്തതായി ‘ദ് സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വിക്കി പാറ്റിസണ്‍ തന്നെയാണ് ഡോക്യുമെന്റിയുടെ സംവിധായിക. ഈമാസം 28 മുതല്‍ ചാനല്‍ ഫോര്‍ പരിപാടി സംപ്രേഷണം ചെയ്യും.
നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് പോണ്‍ വിഡിയോ തയാറാക്കിയതെന്ന് പാറ്റിസണ്‍ വെളിപ്പെടുത്തി. അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്ന നടീനടന്മാരെ ഉള്‍പ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് അതില്‍ ഒരാളുടെ മുഖത്ത് വിക്കി സ്വന്തം മുഖം എഐ ഉപയോഗിച്ച് ഉള്‍പ്പെടുത്തി. ഇങ്ങനെയാണ് ഹൈപ്പര്‍ റിയലിസ്റ്റിക് ഡീപ് ഫേക് വിഡിയോ രൂപപ്പെടുത്തിയത്. ഫോട്ടോകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ് ഫേക് വിഡിയോകള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് വിക്കി പാറ്റിസണ്‍ അവകാശപ്പെടുന്നു.
വിഡിയോയുടെ ഒരു ഭാഗം താരം പുറത്തുവിട്ടു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡീപ് ഫേക് വിഡിയോയില്‍ സ്വന്തം മുഖം ഉള്‍പ്പെടുത്താനുള്ള തീരുമാനം അത്യന്തം വിഷമം പിടിച്ചതായിരുന്നുവെന്ന് പാറ്റിസണ്‍ പറഞ്ഞു. 37കാരിയായ താരം അടുത്തിടെയാണ് വിവാഹിതയായത്. 37 കാരിയായ വിക്കി പാറ്റിസണ്‍ അയാം എ സെലിബ്രിറ്റി ഗെറ്റ് മി ഓട്ട് ഓഫ് ഹിയര്‍, ജിയോര്‍ഡി ഷോര്‍ എന്നിവ ഉള്‍പ്പെടെ ഒട്ടനവധി ടെലിവിഷന്‍ ഷോകളിലുണ്ട്.
താന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് താരം പ്രതികരിച്ചത്. സാങ്കേതിക വിദ്യയുടെ ഭയപ്പെടുത്തുന്നതും വര്‍ധിച്ചു വരുന്നതുമായദോഷഫലങ്ങളില്‍ ചെറിയ തോതില്‍ താനും ഇരയാണെന്നും ഇതിനെതിരെ ബോധവല്‍ക്കരണം അനിവാര്യമാണെന്നതു കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും താരം പറയുന്നു.