ലണ്ടൻ: റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സിന് (എൻജിഎം) എതിരെ നൽകിയ സ്വകാര്യതാ ലംഘനക്കേസിൽ ചാൾസ് രാജാവിന്റെ ഇളയ മകൻ ഹാരി രാജകുമാരന് (40) വിജയം. സ്വകാര്യവിവരങ്ങൾ ചോർത്താൻ സൺ, ന്യൂസ് ഓഫ് ദ് വേൾഡ് എന്നീ പത്രങ്ങൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്നു സമ്മതിച്ച് മാപ്പു പറഞ്ഞ എൻജിഎം, ഹാരിക്കു 100 കോടിയിലേറെ പൗണ്ട് (10,652 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ ധാരണയായി.
1996 മുതൽ 2011 വരെ ഹാരിയുടെ സ്വകാര്യജീവിതം പത്രങ്ങൾ ചോർത്തിയെന്നാരോപിച്ചായിരുന്നു ലണ്ടൻ ഹൈക്കോടതിയിലെ കേസ്. ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലേക്കു നുഴഞ്ഞുകയറിയതായും എൻജിഎം സമ്മതിച്ചു. ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങൾ ചോർത്താൻ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നു. നേരത്തേ ഈ ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം പത്രം നിഷേധിച്ചിരുന്നു.
മർഡോക് ഗ്രൂപ്പിന്റെ മുഖ്യപത്രമാണു സൺ. സണിനുവേണ്ടി നിയോഗിക്കപ്പെട്ട സ്വകാര്യഅന്വേഷകരുടെ നിയമവിരുദ്ധ പ്രവൃത്തികളുടെ പേരിലാണു മാപ്പ് പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ പേരില്ലല്ലെന്നും എൻജിഎം പ്രതികരിച്ചു. പത്രത്തിനെതിരെ മുൻ ബ്രിട്ടിഷ് എംപി ടോം വാട്സൻ, നടൻ ഹ്യൂ ഗ്രാന്റ് എന്നിവരുടെ കേസുകളും തീർപ്പാക്കി.
ഇപ്പോൾ അച്ചടിയിലില്ലാത്ത ന്യൂസ് ഓഫ് ദ് വേൾഡ്, രാഷ്ട്രീയനേതാക്കൾ, സ്പോർട്സ് താരങ്ങൾ എന്നിവരടക്കം പ്രമുഖരുടെ ഫോൺ ചോർത്തിയതിനും സ്വകാര്യത ലംഘിച്ചതിനും ഒട്ടേറെക്കേസുകളിൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവന്നു.