വാഷിങ്ടൻ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഉടനടി കരാറിൽ ഏർപ്പെടുണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണു ട്രംപിന്റെ ഭീഷണി.
‘‘ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തിൽ ചെയ്യാം, അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്’’–ട്രംപ് കുറിച്ചു. താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നായിരുന്നു ട്രംപിന്റെ വാദം. ‘‘റഷ്യ– യുക്രെയ്ൻ ജനത മരിക്കുകയാണ്. അവർ മരിക്കുന്നത് നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഞാൻ അത് ചെയ്യിക്കും’’– 2023 മേയ് മാസത്തിൽ ട്രംപ് പറഞ്ഞതിങ്ങനെ. 2022 ഫെബ്രുവരിയിൽ റഷ്യയുടെ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്.