ഗാൽവേ: അടുത്ത കൊടുങ്കാറ്റ് എത്തുന്നു. ഇയോവിൻ സ്കോട്ട്ലാൻഡിലും അയർലാൻഡിലും വൻ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. ബ്രിട്ടന്റെ ഏതാനും ഭാഗങ്ങളിലും വടക്കൻ അയർലാൻഡിലും സ്കോട്ട്ലാൻഡിലുമായി മണിക്കൂറിൽ 130 കിലോമീറ്റർ വേഗം വരെ ശക്തിയുള്ള ഇയോവിൻ കൊടുങ്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തീരമേഖലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 45 ലക്ഷം ആളുകൾക്കാണ് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അറ്റ്ലാൻറിക് സമുദ്രത്തിലാണ് ഇയോവിൻ കൊടുങ്കാറ്റ് രൂപം കൊണ്ടിട്ടുള്ളത്. വടക്കേ അമേരിക്കയിൽ നിന്നുള്ള തണുത്ത വായുപ്രവാഹവും മധ്യ അറ്റ്ലാൻറിക്കിലെ ചൂടുവായു പ്രവാഹവും കൂടിക്കലർന്നാണ് ഇയോവിൻ രൂപം കൊണ്ടിട്ടുള്ളത്. അയർലാൻഡിൽ 100 വർഷത്തിനിടയിലുള്ള ഏറ്റവും മാരകമായ കൊടുങ്കാറ്റാണ് ഇയോവിൻ എന്നാണ് മുന്നറിയിപ്പ്. താമസിക്കുന്ന കെട്ടിടത്തിന് തകരാർ ഉണ്ടെങ്കിൽ മാത്രം മറ്റൊരിടത്തേക്ക് മാറാനായി പുറത്തിറങ്ങാവൂവെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ ഫോണുകളിലേക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സ്കോട്ട്ലാൻഡിൽ 22 മേഖലകളിലും വടക്കൻ അയർലൻഡിൽ 9 കൌണ്ടികളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച രാവിലെ മുതൽ റെഡ് അലർട്ട് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ബസ്, ട്രെയിൻ ഗതാഗതവും നിർത്തി വച്ചിരിക്കുകയാണ്. കുട്ടികളുടെ ജീവന് അപകടമുണ്ടാകാതിരിക്കാൻ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ അയർലാൻഡിൽ നിന്ന് സ്കോട്ട്ലാൻഡിന്റെ മധ്യമേഖലയിലേക്കാണ് ഇയോവിൻ കൊടുങ്കാറ്റ് നീങ്ങുന്നത്.
ബ്രിട്ടനിലും ശക്തമായ കാറ്റ് ഇയോവിനെ തുടർന്ന് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അയർലാൻഡിലെ വടക്കൻ തീരമേഖലയിലെ കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, കോർക്ക്, കെറി. ലൈംറിക്ക്, വാട്ടർ ഫോർഡ്, ഗാൽവേ, ക്ലെയർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.