ഇസ്ലാമാബാദ്: ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 ഭീകരരെ വധിച്ചെന്ന് പാകിസ്താൻ സൈന്യം. ലക്കി മർവാട്ട് ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം വെള്ളി, ശനി ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നുവെന്ന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു. ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ 18 ഭീകരർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സമാനമായ രീതിയിൽ കാരക്ക് ജില്ലയിൽ നടത്തിയ ഓപ്പറേഷനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഖൈബർ ജില്ലയിൽ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലിൽ ഖർജി റിംഗ് നേതാക്കളായ അസീസ് ഉർ റഹ്മാൻ ഖാരി ഇസ്മായിൽ, ഖർജി മുഖ്‌ലിസ് എന്നിവരുൾപ്പെടെ നാല് ഭീകരരെ പാകിസ്ഥാൻ സൈന്യം വധിച്ചു. രണ്ട് ഭീകരർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
നേരത്തെ, ജനുവരി 12 ന് വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒമ്പത് ഭീകരരെ പാകിസ്താൻ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വടക്കൻ വസീറിസ്ഥാൻ ജില്ലയിലെ എഷാമിൽ മറ്റൊരു ഓപ്പറേഷൻ നടന്നിരുന്നു. ശക്തമായ ഏറ്റുമുട്ടലിന് ശേഷം മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ജനുവരി 11 ന് ജനറൽ ഏരിയയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.