‘കുടിയേറ്റക്കാരുടെ കൈകാലുകളിൽ വിലങ്ങ്, വിമാനത്തിൽ എസിയും വെള്ളവുമില്ല’: അമേരിക്കയോട് വിശദീകരണം തേടാൻ ബ്രസീൽ

Advertisement

റെയോഡി ജനീറോ: അമേരിക്കയിൽ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ എത്തിച്ചതിനെതിരെ ബ്രസീൽ സർക്കാർ. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടാനാണ് ബ്രസീൽ സർക്കാരിന്‍റെ തീരുമാനം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബ്രസീൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ട്രംപ് അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തലും അറസ്റ്റും തുടങ്ങി. ഗ്വാട്ടിമാല, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങൾ പറക്കുകയാണ്. അത്തരമൊരു വിമാനം ബ്രസീലിലെ മനൗസിൽ ലാൻഡ് ചെയ്തപ്പോൾ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളിൽ വിലങ്ങണിയിച്ചിരുന്നു. ഇതറിഞ്ഞ ഉടൻ കൈവിലങ്ങുകൾ നീക്കം ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രസീൽ നീതിന്യായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ബ്രസീൽ പൗരന്മാരുടെ മൗലികാവകാശങ്ങളോടുള്ള കടുത്ത അവഗണനയെക്കുറിച്ച് നീതിന്യായ മന്ത്രി റിക്കാർഡോ ലെവൻഡോവ്‌സ്‌കി പ്രസിഡന്‍റ് ലൂയിസ് ഡ സിൽവയോട് പറഞ്ഞു. അമേരിക്കയോട് വിശദീകരണം തേടാൻ ബ്രസീൽ സർക്കാർ തീരുമാനിച്ചു- “വിമാനത്തിൽ, അവർ ഞങ്ങൾക്ക് വെള്ളം നൽകിയില്ല. ഞങ്ങളുടെ കൈകാലുകൾ കെട്ടിയിരിക്കുകയായിരുന്നു. അവർ ബാത്ത്റൂമിലേക്ക് പോകാൻ പോലും അനുവദിച്ചില്ല. സാങ്കേതിക തകരാർ കാരണം നാല് മണിക്കൂർ വിമാനത്തിൽ എസിയില്ലായിരുന്നു. ചിലർ ബോധംകെട്ടുവീണു”- വിമാനത്തിൽ ഉണ്ടായിരുന്ന എഡ്ഗർ ഡ സിൽവ മൗറ, ലൂയിസ് അന്‍റോണിയോ റോഡ്രിഗസ് സാന്‍റോസ് എന്നീ ബ്രസീലുകാർ പറഞ്ഞു.

കുടിയേറ്റക്കാരെ കുറ്റവാളികളായാണ് ഇപ്പോൾ അമേരിക്കയിൽ കാണുന്നതെന്ന് തിരിച്ചെത്തിയവർ പറയുന്നു. വിമാനം ബെലോ ഹൊറിസോണ്ടിൽ ലാൻഡ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം മനൗസിൽ ലാൻഡ് ചെയ്യാൻ നിർബന്ധിതമായി. ബ്രസീലിലെ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ വിമാനത്തിൽ നിന്ന് ആളുകൾ കൈവിലങ്ങുമായി ഇറങ്ങുന്നത് കാണാം.

ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്ക് പ്രകാരം, അമേരിക്കയിൽ11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ഞൂറിലേറെ പേരെ നാട് കടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here