കൈകാല്‍ വേദനയ്ക്കുള്ള പ്രതിവിധിയായി സൈബീരിയന്‍ കടുവകളുടെ മൂത്രം വില്‍പ്പന നടത്തി; മൃഗശാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം

Advertisement

കൈകാല്‍ വേദനയ്ക്കുള്ള പ്രതിവിധിയായി കടുവമൂത്രം വില്‍പ്പനയ്ക്ക് വെച്ച മൃഗശാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഒരു മൃഗശാലയിലാണ് കടുവയുടെ മൂത്രം വില്‍പ്പനയ്ക്ക് വെച്ചത്. രാജ്യത്തെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാണ് യാന്‍ ബിഫെങ്സിയ മൃഗശാല. സൈബീരിയന്‍ കടുവകളുടെ മൂത്രം ശേഖരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ഔഷധ ഗുണമുള്ളതാണ് കടുവയുടെ മൂത്രം എന്നാണ് അവകാശവാദം. 250 ഗ്രാം സൈബീരിയന്‍ കടുവ മൂത്രത്തിന് 50 യുവാനാണ് (ഏകദേശം 596 രൂപ) ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഉളുക്ക്, പേശി വേദന തുടങ്ങിയ അവസ്ഥകള്‍ക്ക് പ്രതിവിധിയായി കടുവ മൂത്രം ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് മൃഗശാലയിലെ ജീവനക്കാര്‍ പറയുന്നത്.
കടുവയുടെ മൂത്രം വൈറ്റ് വൈനുമായി കലര്‍ത്തി ഇഞ്ചി കഷ്ണങ്ങള്‍ ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് പുരട്ടാമെന്നും ഇവര്‍ പറയുന്നുണ്ട്. ചില രോഗങ്ങള്‍ക്ക് കടുവയുടെ മൂത്രം കുടിക്കാമെന്ന അവകാശവാദവുമുണ്ട്. എന്നാല്‍ ഉപയോഗിക്കുന്നവര്‍ക്ക് എന്തെങ്കിലും അലര്‍ജിയുണ്ടായാല്‍ അത് കഴിക്കുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദേശം. പ്രതിദിനം രണ്ട് കുപ്പികളില്‍ കൂടുതല്‍ വില്‍പ്പന നടക്കുന്നില്ലെന്നാണ് ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞത്. എന്നാല്‍ വില്‍ക്കുന്നതിന് മുമ്പ് മൂത്രം എന്തെങ്കിലും തരത്തില്‍ അണുവിമുക്തമാക്കല്‍ പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം കടുവയുടെ മൂത്രത്തെ ചുറ്റിപ്പറ്റിയുള്ള ഔഷധ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement