വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോയിൽ അടയ്ക്കാൻ ഡോണൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടു. രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കും. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്.
“ഗ്വാണ്ടനാമോയിൽ 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയാണ്. അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കാൻ ഈ സൗകര്യം ഉപയോഗിക്കും. അവരിൽ ചിലർ വളരെ മോശമാണ്, അവരുടെ രാജ്യങ്ങൾപോലും സ്വീകരിക്കില്ല. അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്’’– ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.
മുമ്പ് ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണ് ക്യൂബയോട് ചേർന്നുള്ള ഗ്വാണ്ടനാമോ. ഡോണൾഡ് ട്രംപിന്റേത് അതിക്രൂരമായ തീരുമാനമെന്ന് ആണ് ക്യൂബയുടെ പ്രതികരണം.