കൊളറാഡോ: നാല് വര്‍ഷം മുമ്പ് നടന്ന ഒരു അസാധാരണ കൊലപാതകത്തിന്‍റെ ചുരുളഞ്ഞു. ജോലി ലഭിക്കാത്തതിന് കളിയാക്കിയ കാമുകനെ, അജ്ഞാതനായ ഒരു വഴിയാത്രക്കാരനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കാമുകിയെയാണ് കൊളറാഡോ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. 2020 -ല്‍ നടന്ന ദാരുണ സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കാമുകിയെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബസില്‍ വച്ച് പരിചയപ്പട്ട ഒരു അജ്ഞാതനെ ഉപയോഗിച്ച് കാമുകി തന്‍റെ കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കോഡി ഡെലിസയുടെ (28) മരണത്തിന് കാരണക്കാരിയായ കാമുകി ആഷ്‍ലി വൈറ്റിനെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ഥിരം ജോലി ലഭിക്കാത്തതിന് കാമുകന്‍ വഴക്ക് പറഞ്ഞതായിരുന്നു കാമുകിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് പറയുന്നത് അനുസരിച്ച് 2020 – ല്‍ ഡെന്‍വറില്‍ ഒരു ജോലി ഇന്‍റര്‍വ്യൂ കഴിഞ്ഞ് ബസില്‍ തിരികെ വരികയായിരുന്ന ആഷ്‍ലി വൈറ്റ്, ഫോണില്‍ കാമുകനുമായി ചാറ്റ് ചെയ്യവെ ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചു. ഇതില്‍ അസ്വസ്ഥനായ കോഡി ഡെലിസ, പ്രകോപനപരമായ സന്ദേശങ്ങൾ ആഷ്‍ലിക്ക് അയച്ചു.
പിന്നാലെ, ആഷ്‍ലി ബസില്‍ തനിക്കൊപ്പം യാത്രെ ചെയ്തിരുന്ന അജ്ഞാതനായ, സ്കൌട്ട് എന്ന് സ്വയം വിശേഷിപ്പിച്ച ഒരാളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. ഇരുവരുടെയും സംഭാഷണത്തിനിടെ ആരെങ്കിലുമായി ആഷ്‍ലി ബന്ധത്തിലാണോയെന്നും അയാൾ ആഷ്‍ലിയെ ഉപദ്രവിച്ചോയെന്നും സ്കൌട്ട് ചോദിച്ചു. ആഷ്‍ലിയുടെ മറുപടിക്ക് പിന്നാലെ ഇരുവരും ചേര്‍ന്ന് ഡെലിസയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നാലെ ഇരുവരും നേരെ കോഡി ഡെലിസ താമസിക്കുന്ന വീട്ടിലെത്തുകയും ആഷ്‍ലി, ഡെലിസയോട് സ്കൌട്ട് തന്‍റെ സഹോദരനാണെന്നും പരിചയപ്പെടുത്തുന്നു. അല്പ സമയത്തിന് ശേഷം സ്കൌട്ട്, ഡെലിസയുടെ നെറ്റിയിലേക്ക് രണ്ട് ബുള്ളറ്റ് പായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിറ്റേന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ വീട്ട് സന്ദർശനത്തിനിടെയാണ് കോഡി ഡെലിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂന്ന് വര്‍ഷങ്ങൾക്ക് ശേഷം മൈക്കിൾ ഷാർട്ടന്‍ എന്നയാളുടെ കാമുകിയെന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തുകയും ഡെലിസയുടെ കൊലപാതകത്തിൽ ഷാര്‍ട്ടന്‍റെ പങ്ക് വെളിപ്പെടുത്തുകയുമായിരുന്നു. ഷാർട്ടന്‍റെ കുറ്റസമ്മതവും സ്ത്രീയുടെ വെളിപ്പെടുത്തലും ഒത്ത് പോകുന്നതായും പൊലീസ് പറയുന്നു. മറ്റൊരു കൊലപാതകത്തെ തുടര്‍ന്ന് മൈക്കിൾ ഷാർട്ടന്‍ നേരത്തെ തന്നെ ജയിലിലാണെന്നും ആഷ്‍ലി ബസില്‍ വച്ച് പരിചയപ്പെട്ട സ്കൌട്ട് തന്നെയാണ് ഷാര്‍ട്ടന്‍ എന്നും പൊലീസ് പറയുന്നു. സ്ത്രീയുടെ വെളിപ്പെടുത്തതിന് പിന്നാലെ ആഷ്‍ലിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, കൊലപാതകത്തെ കുറിച്ചും ആ സമയത്ത് അവര്‍ വളര്‍ത്ത് പൂച്ചയെ ജീവനോടെ കത്തിക്കുന്നതിനെ കുറിച്ചും ഡയറിയില്‍ എഴുതിയിരുന്നായും പറയുന്നു.