മനില: പൊതുവേദിയിൽ വച്ച് പ്രസിഡന്റിനെ കുടുംബത്തോടെ വധിക്കുമെന്ന ഭീഷണിയുയർത്തിയ ഫിലിപ്പീൻസ് വൈസ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു. അഴിമതി, പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഡാലോചന അടക്കം നിരവധി ആരോപണങ്ങൾ ഉയർത്തിയാണ് ബുധനാഴ്ച സാറ ഡ്യൂട്ടെർഡ് കാർപിയോയെ ഫിലിപ്പീൻസ് പാർലമെന്റ് ഇംപീച്ച് ചെയ്തത്. തെക്കൻ ചൈനാ കടലിലെ അധികാര പ്രശ്നങ്ങളേച്ചൊല്ലി ചൈനയെ തള്ളിപ്പറയാത്തതും പ്രസിഡന്റിനെതിരായ നീക്കത്തിന് കാരണമായിട്ടുണ്ട്. പ്രസിഡന്റെ ഫെർഡിനാന്റ് മാർക്കോസ് ജൂനിയറിനെ അനുകൂലിക്കുന്ന ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സാണ് ബുധനാഴ്ച ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റും പ്രസിഡന്റും തമ്മിലുള്ള രാഷ്ട്രീയ പോരിന്റഎ ആഴം വ്യക്തമാക്കിയാണ് നടപടി. ഏഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ അധികാര തലപ്പത്തെ പ്രക്ഷുബ്ധമായ അവസ്ഥ വിശദമാക്കുന്നതായിരുന്നു സാറ ഡ്യൂട്ടെർഡ് കാർപിയോയുടെ ഇംപീച്ച്മെന്റ്. നടപടിയേക്കുറിച്ച് സാറ ഡ്യൂട്ടെർഡ് കാർപിയോ പ്രതികരിച്ചില്ലെങ്കിലും സഹോദരനും പാർലമെന്റ് അംഗവുമായ സഹോദരൻ നീക്കത്തെ ഗൂഡാലോചനയായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ നവംബറിലാണ് ചൈനയുടെ പേരിൽ ഇരുനേതാക്കളും തമ്മിലുള്ള പോര് മറനീക്കി പുറത്ത് വന്നത്. ഫിലിപ്പീൻസ് രാഷ്ട്രീയത്തിൽ എന്നും എതിർപക്ഷത്ത് നിന്നിരുന്ന ശക്തരായ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള പോര് വധ ഭീഷണി വരെ എത്തിയിരുന്നു. ജൂൺ മാസത്തിൽ മാർക്കോസിന്റെ ക്യാബിനറ്റിൽ നിന്ന് രാജി വച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സാറ ഒഴിഞ്ഞിരുന്നില്ല.
ഇതിന് പിന്നാലെ സാറയുടെ അനുയായികളേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സാറ ആരോപിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റിനേയും കുടുംബത്തിന്റേയും തല വെട്ടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ക്വട്ടേഷൻ നൽകിയതായാണ് സാറ നവംബറിൽ വ്യക്തമാക്കിയത്. ഫിലിപ്പീൻസിലെ മുൻ ഏകാധിപതി ഫെർഡിനാൻഡ് മാർക്കോസിന്റെ മകനാണ് പ്രസിഡന്റായ മാർക്കോസ് ജൂനിയർ. ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെർട്ടിന്റെ മകളാണ് സാറ. തന്റെ ഭീഷണി വെറും തമാശ അല്ലെന്നും സാറ വ്യക്തമാക്കിയതിന് പിന്നാലെ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വലിയ സമ്മർദ്ദത്തിലായിരുന്നു.