ന്യൂയോർക്ക്: ഗാസ മുനമ്പ് ഏറ്റെടുക്കാൻ തയാറാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പലസ്തീനികൾ. ‘ഇത് ഞങ്ങളുടെ മണ്ണാണ്, ഗാസ വിട്ടുപോകുന്ന പ്രശ്നമില്ല’ എന്നാണ് ഗാസയിലെ പലസ്തീനികൾ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ അവിടെ നിന്ന് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം അറബ് രാജ്യങ്ങളെല്ലാം രൂക്ഷമായി വിമർശിച്ചു.
ഇതിനിടെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അഭയാർഥികളെ താൽക്കാലികമായി സ്വീകരിക്കുമെന്ന ട്രംപിന്റെ പരാമർശം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഭാഗികമായി പിൻവലിക്കുകയും ചെയ്തു. ഗാസ ഏറ്റെടുക്കുന്നത് സംബന്ധിച്ച് രേഖാമൂലമുള്ള പദ്ധതികളൊന്നും ഇല്ലെന്നും അവർ പറഞ്ഞു. തീരദേശ മേഖലയിൽനിന്ന് പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന വിഷയത്തിൽ നേരത്തേതന്നെ പ്രസിഡന്റിന്റെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായി ലീവിറ്റ് പ്രതികരിച്ചിരുന്നു. സഖ്യകക്ഷികളിൽനിന്നു പോലും വിമർശനങ്ങൾ ഉയർന്നതോടെ ഗാസ നിലപാടിൽ മയപ്പെടുത്തൽ നടത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്.
ഗാസ ആർക്കും പിടിച്ചെടുക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര ഭൂമിയല്ലെന്ന് പലസ്തീൻ ഐക്യരാഷ്ട്രസഭ പ്രതിനിധി റിയാദ് മൻസൂർ പറഞ്ഞു. ഏതൊരു രാജ്യത്തെയും ഓരോ തുണ്ട് ഭൂമിയും അവിടെ താമസിക്കുന്നവർക്ക് അർഹതപ്പെട്ടതാണ്. അതിനാൽ ഗാസയിൽ തന്നെ തുടരാൻ പലസ്തീനികൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അതിവേഗ പരിഹാരം വേണമെന്നാണ് ലോകനേതാക്കൾ ആവശ്യപ്പെട്ടത്.
ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ടുബാസിന് തെക്കുള്ള ഫാര ക്യാംപിൽ ഇസ്രയേൽ സൈന്യം ഉപരോധം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ക്യാംപിലെ താമസക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നത് തടഞ്ഞു. ആംബുലൻസ് ജീവനക്കാരെയും പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറേം നഗരത്തിൽ ഇസ്രയേൽ സൈന്യം അതിക്രമിച്ചു കയറിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗാസ ഒഴിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തിയത്. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച ആരംഭിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.