ചോരച്ചുവപ്പ് നിറമായി നദി, വെള്ളത്തിന് പകരം രക്തമൊഴുകും പോലെ, പ്രദേശമാകെ ദുർഗന്ധവും; ഭീതിയിൽ സമീപവാസികൾ

Advertisement

ബ്യൂണസ് അയേഴ്സ്: അർജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു നദിയുടെ നിറം പെട്ടെന്ന് കടും ചുവപ്പായി മാറി. നദിയിലാകെ രക്തം പടർന്ന പോലെ എന്നാണ് പ്രദേശവാസികൾ പറഞ്ഞത്. നദിയിൽ നിന്ന് ദുർഗന്ധം വമിച്ചതായും പ്രദേശവാസികൾ പറയുന്നു.

ബ്യൂണസ് അയേഴ്‌സിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള അവെല്ലനെഡ എന്ന പട്ടണത്തിലാണ് സംഭവം. രാവിലെ എഴുന്നേറ്റപ്പോൾ എല്ലായിടത്തും ദുർഗന്ധമായിരുന്നു. ഇതോടെ ആശങ്കയായി. നദിയിലേക്ക് നോക്കിയപ്പോൾ വെള്ളത്തിന് പകരം രക്തം ഒഴുകുന്നത് പോലെയുണ്ടായിരുന്നുവെന്നും പ്രദേശവാസിയായ മരിയ ഡുകോംസ് എഎഫ്‌പിയോട് പറഞ്ഞു.

എന്താണ് നദിയുടെ നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്താൻ ജല സാമ്പിൾ എടുത്തെന്ന് പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഈ നദിയുടെ തീരത്തുള്ള ടെക്സ്റ്റൈൽ ഫാക്ടറികളിൽ നിന്ന് പുറത്തുവരുന്ന മാലിന്യമാകാം നദിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തുണികളുടെ ഡൈകളിൽ ഉപയോഗിക്കുന്ന വിഷ പദാർത്ഥമായ അനിലിൻ ആവാം ഈ നിറം മാറ്റത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു.

മലിനീകരണത്താൽ വലയുകയാണ് സരണ്ടി നദിയെന്ന് പ്രദേശവാസിയായ ഡുകോംസ് പറഞ്ഞു. നദി എത്രമാത്രം മലിനീകരിക്കപ്പെടുന്നുവെന്ന് പറയാൻ വലിയ വിദഗ്ധനൊന്നും ആവേണ്ടതില്ല. പല തവണ നദിയുടെ നിറം മാറിയിട്ടുണ്ട്. നീല, പച്ച, പിങ്ക് കലർന്ന പർപ്പിൾ തുടങ്ങിയ നിറങ്ങൾ ഇതിനകം കണ്ടിട്ടുണ്ട്. എണ്ണപ്പാടയും നദിയിൽ കണ്ടിട്ടുണ്ട്. നദിയിലേക്ക് മാലിന്യം തള്ളുന്ന ഫാക്ടറികളാണ് നദിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രദേശത്തുള്ളവർ പറയുന്നു.

Advertisement