ഇസ്‌ലാമാബാദ്: സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാക്കിസ്ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് സർക്കാർ നടപടി. പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും നിർദേശം നൽകി.
അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിയമപാലകരുടെ കുടുംബാംഗങ്ങൾക്ക് വിധി ബാധകമല്ല. സുപ്രീം കോടതിയുടെ വിധിക്ക് മുൻപു നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കില്ല.