സ്കൈ ഡൈവിങ്ങിനിടെ ജന്നി വന്നയാളെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വീണ്ടും വൈറലാവുകയാണ്. 2015 ലാണ് ഈ സംഭവമുണ്ടായത്. ഒരു സ്കൈ ഡൈവർ ഫ്രീ ഫാൾ ചെയ്യുന്ന സമയത്ത് അയാൾക്ക് ഫിറ്റ്സ് വരികയും നിയന്ത്രണം വിട്ട് താഴേക്ക് ഊർന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
2015 ൽ ഓസ്‌ട്രേലിയയിലെ പെർത്തിൽ വച്ച് ക്രിസ്റ്റഫർ ജോൺസ് എന്നയാൾക്കാണ് ഈ അനുഭവമുണ്ടായതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഹെൽമെറ്റ് ക്യാമറ ധരിച്ച ഇൻസ്ട്രക്ടർ ഷെൽഡൺ മക്ഫാർലെയ്ൻ തന്നെയാണ് ദൃശ്യങ്ങളെടുത്തതും ക്രിസ്റ്റഫിറിനെ രക്ഷിച്ചതും. പാരച്യൂട്ടിന്റെ സഹായത്താൽ ഇയാളെ രക്ഷിക്കുകയായിരുന്നു
വിനോദങ്ങൾക്കിടെ സംഭവിക്കുന്ന ഇത്തരം ചെറിയ അപകടങ്ങളിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ നേരത്തെയും വൈറലായിട്ടുണ്ട്. അബോധാവസ്ഥയിൽ സ്കൈഡൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതും അനിയന്ത്രിതമായി കറങ്ങി താഴേക്ക് പതിക്കാൻ പോകുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഒപ്പം സ്കൈ ഡൈവിങ്ങിനെത്തിയ ആളും സ്കൈ ഡൈവിങ് ഇൻസ്ട്രക്ടറും കൂടിയാണ് അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയത്. സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് ആളുടെ ജീവൻ രക്ഷപ്പെട്ടതെന്നാണ് എക്സിലുൾപ്പെടെ കമന്റുകൾ വരുന്നത്.