പാരിസ് : ലോകത്തിന്റെ ഭാവി നിർണയിക്കുന്ന എഐ ആക്‌ഷൻ ഉച്ചകോടിക്കു പാരിസിൽ തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ എന്നിവരുടെ അധ്യക്ഷതയിൽ ചേരുന്ന ഉച്ചകോടിയിൽ 100 രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും എഐ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഇന്നലെ മക്രോ നടത്തിയ അത്താഴവിരുന്നിലും പ്രധാനമന്ത്രി മോദി പങ്കെടുത്തു.
അത്താഴവിരുന്നിനെത്തിയ നരേന്ദ്ര മോദിയെ ഇമ്മാനുവൽ മക്രോ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. ‘‘എന്റെ സുഹൃത്ത് പ്രസിഡന്റ് മക്രോയെ കണ്ടതിൽ സന്തോഷം.’’ – മോദി എക്‌സിൽ കുറിച്ചു. ‘‘പ്രിയ സുഹൃത്ത് മോദിയേയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനെയും കണ്ടു. എല്ലാവർക്കും പാരിസിലേക്ക് സ്വാഗതം. വരൂ നമ്മൾക്ക് ജോലിയിലേക്കു പ്രവേശിക്കാം.’’ – മോദിക്കൊപ്പമുള്ള വിഡിയോ സഹിതം ഇമ്മാനുവൽ മക്രോ എക്സിൽ പോസ്റ്റ് ചെയ്തു.
എഐ ഉച്ചകോടിക്കു പുറമേ ഫ്രാൻസുമായി ഉഭയകക്ഷി ചർച്ചകളും ഇന്ത്യ നടത്തുന്നുണ്ട്. പിന്നാലെ ഫ്രാൻസിലെ ബിസിനസ് നേതാക്കളെയും മോദി അഭിസംബോധന ചെയ്യും. ബുധനാഴ്ച ഒന്നാം ലോകമഹായുദ്ധത്തിൽ രക്തസാക്ഷികളായ ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇരു നേതാക്കളും മാർസെയിലിലെ മസാർഗസ് യുദ്ധ സെമിത്തേരി സന്ദർശിക്കും. മാർസെയിലിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.