‘എഐ വികസനത്തിനായി 7500 കോടി ഡോളര്‍ നിക്ഷേപിക്കും; വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും’

Advertisement

പാരിസ്; നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെെ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഗൂഗിൾ മേധാവി ഇന്ത്യയിലേക്ക് കൊണ്ടുവരാനിരിക്കുന്ന വലിയ എഐ സാധ്യതകളെക്കുറിച്ച് എക്സ് പോസ്റ്റിൽ എടുത്തു പറഞ്ഞത്. രാജ്യത്തെ ഡിജിറ്റൽ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനു ഗൂഗിളും ഇന്ത്യയും തമ്മിലുള്ള സഹകരണ സാധ്യതയും പിച്ചെെ ചൂണ്ടിക്കാട്ടി.

‘‘എഐ ആക്‌ഷൻ ഉച്ചകോടിക്കിടെ പാരിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്ക് എഐ കൊണ്ടുവരുന്ന അവിശ്വസനീയമായ അവസരങ്ങളെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ഗൂഗിളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.’’– പിച്ചൈ പറഞ്ഞു.

നേരത്തേ, നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് നിർമിത ബുദ്ധിയെന്ന് ഉച്ചക്കോടിയിൽ സംസാരിച്ച പിച്ചൈ പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ ഒരു സുവര്‍ണകാലഘട്ടം തീര്‍ക്കും. എഐയെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപകടം. എഐ വികസനത്തിനായി ഗൂഗിള്‍ 7500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എഐയുടെ മുഴുവന്‍ സാധ്യതകളെയും ഉപയോഗപ്പെടുത്താന്‍ ആവശ്യമായ നാലു പ്രധാന ഘടകങ്ങളും പിച്ചൈ ചൂണ്ടിക്കാട്ടി. നവീകരണവും വ്യാപനവും പ്രോത്സാഹിപ്പിക്കൽ, അടിസ്ഥാന സൗകര്യമൊരുക്കല്‍, തൊഴില്‍ മേഖലയെ എഐയുമായി പൊരുത്തപ്പെടുത്തല്‍, ബോധപൂര്‍വവും ഉത്തരവാദിത്വത്തോടെയുമുള്ള മുന്നേറ്റം എന്നിവയാണവ.

എഐയുടെ സാധ്യതകള്‍ മനസിലാക്കുന്നതിനൊപ്പം തന്നെ പരിമിതികളെക്കുറിച്ചും വ്യക്തമായ ബോധം വേണം. കൃത്യത സംബന്ധിച്ച പ്രശ്നങ്ങൾ, ദുരുപയോഗ സാധ്യതകൾ, ഡിജിറ്റൽ ഡിവൈഡിലൂടെ വരുന്ന അപകടങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും ഗൂഗിൾ സിഇഒ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here