വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദർശനം. 12നു വൈകിട്ടോടെ ഫ്രാൻസിൽനിന്നാണു മോദി യുഎസിൽ എത്തിയത്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേർന്നു പ്രവർത്തിക്കുമെന്നു മോദി പറഞ്ഞു.
ഒട്ടേറെ രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ വ്യാപാര തീരുവകൾ, ട്രംപിന്റെ വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണു സുപ്രധാന കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഈ വിഷയങ്ങളും ചർച്ചകളുടെ ഭാഗമാകും. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും ട്രംപിനു മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്.
ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോർദാൻ രാജാവ് അബ്ദുല്ല എന്നിവരെയാണു മുൻപ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചത്. വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ സമൂഹവുമായും കോർപറേറ്റ് മേധാവികളുമായും ആശയവിനിമയം നടത്തും.