സ്റ്റാർലൈനറിലേറി രാജ്യാന്തര ബഹിരാകാശത്ത് ‘കുടുങ്ങിപ്പോയ’ സുനിത വില്യംസും ബുച്ച് വിൽമോറും പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭൂമിയിലേക്ക് തിരികെ എത്തിയേക്കും. ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ക്രൂ റൊട്ടേഷൻ ദൗത്യങ്ങൾക്കായുള്ള സമയപരിധി മാർച്ച് 12ലേക്ക് മാറ്റിയിരിക്കുന്നു എന്ന വിവരമാണ് വരുന്നത്. ഏപ്രിലിലായിരിക്കും മടങ്ങിവരവ് എന്നതായിരുന്നു മുൻ തീരുമാനം. ദൗത്യത്തിനായി സ്പേസ് എക്സിന്റെ എൻഡ്യുറൻസ് പേടകം ക്രൂ10 നിശ്ചയിച്ചിട്ടുണ്ട്.
ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയ്ൻ, പൈലറ്റ് നിക്കോൾ അയേഴ്‌സ്, ജാക്‌സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, മിഷൻ സ്‌പെഷ്യലിസ്റ്റ് റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ബഹിരാകാശ നിലയത്തിലേക്ക് പോകും.
ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തിയ ശേഷം, പുതുതായി എത്തിച്ചേർന്ന ക്രൂവിന് നിലയം പരിചയപ്പെടാൻ ക്രൂ-9 സഹായിക്കും, കൈമാറ്റം ചെയ്തതിനുശേഷം, നാസയും സ്പേസ്എക്സും ഭൂമിയിലേക്ക് മടങ്ങാൻ തയാറെടുക്കും, നാസ ബഹിരാകാശ യാത്രികരായ നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം ക്രൂ-9ൽ സഞ്ചരിക്കും.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു.
നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ
കമാൻഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.
ആകെ ക്ഷീണിച്ചെന്ന് വാർത്തകൾ: ബഹിരാകാശനിലയത്തിൽ ക്ഷീണിച്ചിരിക്കുന്ന രീതിയിലുള്ള സുനിതയുടെ ചിത്രങ്ങൾ പ്രചരിച്ചതോടെ ആരോഗ്യകാര്യങ്ങളിൽ ആശങ്കയുയർന്നു. പക്ഷേ പിസ്സ, റോസ്റ്റ് ചിക്കൻ, ചെമ്മീൻ കോക്‌ടെയിലുകൾ എന്നിവയുൾപ്പടെ പല വിഭവങ്ങളും കഴിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് സ്റ്റാര്‍ലൈന്‍ മിഷനുമായി ബന്ധപ്പെട്ട ഒരു വിദഗ്ദന്‍ പറഞ്ഞു.
ഇടവേളകളിൽ അൽപ്പം കൃഷിയും: പ്ലാന്റ് ഹാബിറ്റാറ്റ്-07 എന്ന മൈക്രോ ഗ്രാവിറ്റിയിലെ കൃഷികളിലെ പരീക്ഷണത്തിന്റെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു.
ബഹിരാകാശം അടിപൊളി: സ്കൂൾ വിദ്യാർഥികളുമായി ബഹിരാകാശത്ത് നിന്നും നടത്തിയ ഒരു സംവാദത്തിൽ .ബഹിരാകാശത്ത് താമസിക്കുന്നത് അടിപൊളി അനുഭവമാണെന്നാണ് സുനിത വില്യംസ് പറയുന്നത്.
ബഹിരാകാശത്ത് ഒരു നടത്തം: സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി. സുനിതയുടെ എട്ടാമത്തെ ‘സ്പേസ‌്‌വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം.
ബഹിരാകാശത്ത് നീണ്ട നാൾ, ഒപ്പം അഭിമാനം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.