ബെയ്‌ജിങ്ങ്: വിവാഹത്തോട് മുഖം തിരിച്ച് ചൈനയിലെ യുവജനങ്ങൾ. രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ജനന നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളോട് യുവതലമുറ മുഖം തിരിക്കുന്നതായി വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. 2024 ൽ ചൈനയിൽ നടന്ന വിവാഹങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 20 ശതമാനം കുറവാണ് 2024ൽ രാജ്യത്തുണ്ടായത്. ചൈനയിലെ സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്.
2023 7.7 ദശലക്ഷം വിവാഹങ്ങൾ നടന്ന ചൈനയിൽ 2024ൽ നടന്നത് 6.1 ദശലക്ഷം വിവാഹങ്ങൾ മാത്രമാണ്. 2013ൽ നടന്ന വിവാഹങ്ങളുടെ പകുതി പോലും വിവാഹങ്ങൾ 2024ൽ നടന്നിട്ടില്ലെന്നും കണക്ക് വ്യക്തമാക്കുന്നു. 1986 മുതൽ ഏറ്റവും കുറവ് വിവാഹങ്ങളാണ് 2024ൽ നടന്നിട്ടുള്ളത്. അതേസമയം മുൻ വർഷത്തേക്കാൾ വിവാഹമോചനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2024ൽ വിവാഹ മോചനത്തിനായി അപേക്ഷിച്ചിട്ടുള്ളത് 26 ലക്ഷം ദമ്പതികളാണ്. 2023നെ അപേക്ഷിച്ച് 1.1 ശതമാനം വർധനവാണ് ഇതിലുള്ളത്. ചൈനീസ് ചാന്ദ്ര കലണ്ടർ അനുസരിച്ച് 2024നെ ശുഭകരമായി കാണാത്തതും വിവാഹം കുറഞ്ഞതിന് കാരണമായി വിലയിരുത്തുന്നുണ്ട്.
സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന പ്രതിബന്ധങ്ങൾ മൂലം വിവാഹ ചെലവ് താങ്ങാനാവാതെ വരുന്നതും വിവാഹങ്ങൾ കുറയുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ചൈന ദശാബ്ദങ്ങളോളം ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയിരുന്നു. നിലവിൽ കൂടുതൽ കുട്ടികളുണ്ടാവാനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സർക്കാർ.
വർഷങ്ങൾ നീണ്ട ഒറ്റക്കുട്ടി നയം മൂലം നിലവിൽ വിവാഹപ്രായമായവർ ചൈനയിൽ കുറവാണ്. ഇവരിൽ ഏറെയും വിവാഹത്തിനോ കുട്ടികളുണ്ടാവുന്നതിനോ താൽപര്യപ്പെടുന്നുമില്ല. 2023ലെ കണക്കുകൾ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന ചൈനയിൽ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.