ഇന്ന് ഫെബ്രുവരി 14- വാലന്‍റൈൻസ് ഡേ അഥവാ പ്രണയത്തിന്‍റെ ദിനം അല്ലെങ്കില്‍ പ്രണയികളുടെ ദിനം. ലോകമെമ്പാടുമുള്ള പ്രണയികളും പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരുമെല്ലാം പ്രണയം പറയുന്ന ദിനം. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. ഫെബ്രുവരി ഏഴു മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. ഫെബ്രുവരി 14ന് മുമ്പ് റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, കിസ് ഡേ, ഹഗ് ഡേ എന്നിങ്ങനെയാണ് ആഘോഷ ദിനങ്ങളുടെ ക്രമം.
വാലൻന്റൈൻ ദിനവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. അതില്‍ ഒന്ന് റോമുമായി ബന്ധപ്പെട്ടതാണ്. ‘ഓറിയ ഓഫ് ജേക്കബ് ഡി വാരിസൺ’ എന്ന പുസ്തകം അനുസരിച്ച്, റോമിൽ സെന്റ് വാലന്റൈൻ എന്നൊരു പുരോഹിതൻ ഉണ്ടായിരുന്നു. ലോകത്ത് സ്നേഹം വളർത്തുന്നതിൽ അദ്ദേഹം വിശ്വസിച്ചു. എന്നാൽ വിവാഹം, പ്രണയം എന്നിവ പുരുഷന്മാരെ യുദ്ധത്തിൽ പങ്കെടുക്കുന്നതില്‍ നിന്നും അകറ്റുന്നു എന്ന ചിന്തയായിരുന്നു റോമൻ രാജാവായ ക്ലോഡിയസിന്‍റേത്.
ഇക്കാരണത്താല്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. രാജാവിന്റെ എതിർപ്പ് വകവയ്ക്കാതെ, പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വാലന്റൈൻ റോമിലെ ജനങ്ങളെ പ്രണയത്തിലേക്കും വിവാഹത്തിലേക്കും പ്രേരിപ്പിച്ചു. പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ അദ്ദേഹം തുടങ്ങി. അങ്ങനെ രാജ്യത്തെ നിരവധി പട്ടാളക്കാരും ഓഫീസർമാരും വിവാഹിതരായി. ഇതിൽ കുപിതനായ രാജാവ്, പുരോഹിതനായ സെന്‍റ് വാലന്റൈനെ ‘ബിസി 269 ഫെബ്രുവരി 14’ ന് തൂക്കിലേറ്റി. അന്നുമുതൽ, എല്ലാ വർഷവും ഈ ദിവസം പ്രണയദിനമായി, അതായത് വാലന്റൈൻസ് ദിനമായി ആഘോഷിക്കപ്പെടുന്നു എന്നാണ് ചരിത്രം പറയുന്നത്.