കറാച്ചി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കു വേദിയാകുന്ന കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പതാകയില്ലെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്റിൽ പങ്കെടുക്കുന്ന പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ഏഴു ടീമുകളുടെയും പതാകകൾ കറാച്ചിയിലെ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പതാക മാത്രം സ്റ്റേഡിയത്തിൽ ഇല്ലെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റേഡിയത്തിൽനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യയുടെ പതാക എന്തുകൊണ്ടാണു സ്റ്റേഡിയത്തിൽ സ്ഥാപിക്കാത്തത് എന്നതിൽ ഐസിസിയോ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡോ നിലപാടു വ്യക്തമാക്കിയിട്ടില്ല. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടക്കുന്നത്. പാക്കിസ്ഥാനിലേക്കു ടൂർണമെന്റ് കളിക്കാൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഐസിസി ഇടപെട്ട് ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലേക്കു മാറ്റിയത്.
ഇന്ത്യ സെമി ഫൈനൽ കളിച്ചാൽ ആ മത്സരവും ഫൈനൽ പോരാട്ടവും ദുബായിലേക്കു മാറ്റേണ്ടിവരും. സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ താരങ്ങളെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. തുടക്കത്തിൽ ബിസിസിഐയ്ക്കെതിരെ കടുംപിടിത്തം തുടർന്ന പാക്ക് ബോർഡ് മറ്റു വഴികളില്ലാതായതോടെ വഴങ്ങുകയായിരുന്നു. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണു നടക്കുക.