ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂര മര്‍ദനം,വീട്ടുജോലി ചെയ്യുന്ന 13 കാരിക്ക് ദാരുണാന്ത്യം

Advertisement

റാവല്‍പിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മര്‍ദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.

റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാന്‍ അധ്യാപകനാണ് അവശനിലയില്‍ ഇഖ്റയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാന്‍ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് ശരീരത്തിലെ മുറിവുകളില്‍ നിന്ന് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു.

എട്ടുവയസ് മുതല്‍ ഇഖ്റ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കര്‍ഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോള്‍ ഇഖ്റ അബോധാവസ്ഥയിലായിരുന്നു. താന്‍ ആശുപത്രിയിലെത്തി അല്‍പ സമയത്തിന് ശേഷം ഇഖ്റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു.

കുട്ടിയുടെ മരണത്തെ തുടര്‍ന്ന് റാവല്‍പിണ്ടിയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ജസ്റ്റിസ് ഫോര്‍ ഇഖ്റ എന്ന ഹാഷ്ടിഗില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

Advertisement