യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറെന്ന് റഷ്യ; സൗദിയിൽ യുഎസുമായുള്ള ചർച്ച വിജയം

Advertisement

റിയാദ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നു. യുഎസുമായി സൗദി അറേബ്യയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ചർച്ച.

റിയാദിലെ ദിരിയ്യ കൊട്ടാരത്തിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫറാൻ അൽ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകൻ മുസാദ് ബിൻ മുഹമ്മദ് അൽ ഐബാന്റെയും മധ്യസ്ഥതയിലായിരുന്നു കൂടിക്കാഴ്ച. ട്രംപിന്റെ പ്രതിനിധികളായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് മധ്യേഷ്യ ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവർ പങ്കെടുത്തു. റഷ്യയുടെ ഭാഗത്തുനിന്നു വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

യോഗത്തിൽ യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുത്തില്ല. യുക്രെയ്ൻ പങ്കെടുക്കാത്ത ചർച്ചകളിലെ ഒരു തീരുമാനവും രാജ്യം അംഗീകരിക്കില്ലെന്നു പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു. ചർച്ചകളിൽനിന്നു മാറ്റിനിർത്തുന്നതിൽ യൂറോപ്യൻ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തി. വാഷിങ്ടനിലെയും മോസ്കോയിലെയും അതത് എംബസികളിൽ ജീവനക്കാരെ പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം റൂബിയോ പറഞ്ഞു. യുക്രെയ്ൻ സമാധാന ചർച്ചകൾ, ഉഭയകക്ഷി ബന്ധങ്ങൾ, സഹകരണം എന്നിവ പിന്തുണയ്ക്കുന്നതിനാണിത്. ഏതാനും വർഷങ്ങളായി നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയത് 2 എംബസികളെയും സാരമായി ബാധിച്ചിരുന്നു.

യുക്രെയ്ൻ യുദ്ധത്തെപ്പറ്റിയുള്ള ട്രംപിന്റെ വീക്ഷണങ്ങളെ യോഗത്തിൽ സെർജി ലാവ്‌റോവ് പ്രശംസിച്ചു. ട്രംപും പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു വഴിയൊരുക്കുക എന്നതും യോഗത്തിന്റെ ലക്ഷ്യമായിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു തീയതി നിശ്ചയിച്ചില്ലെന്നു യൂറി ഉഷാകോവ് പറഞ്ഞു. നാളെ സെലെൻസ്കി റിയാദിൽ എത്തുമെന്നാണു റിപ്പോർട്ട്. ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണു മധ്യസ്ഥ നീക്കമെന്നു സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here