ഇക്കുറി സൈനിക വിമാനമില്ല പക്ഷേ..; അമേരിക്ക പുറത്താക്കുന്ന ഇന്ത്യക്കാരെ സ്വീകരിക്കാൻ കോസ്റ്ററിക്ക തയാർ

Advertisement

സാൻ ഹോസെ: ഇന്ത്യയിൽ നിന്നും അനധികൃതമായി കുടിയേറിയവരിൽ നാലാമത്തെ സംഘത്തെ ബുധനാഴ്ച യുഎസ് പുറത്താക്കും. പക്ഷേ ഇവർ എത്തുക ഇന്ത്യയിലേക്കല്ല. ഇവരുടെ സഞ്ചാരം സൈനിക വിമാനത്തിലുമാവില്ല. മധ്യഅമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലേക്കാണ് ഇക്കുറി ഇന്ത്യക്കാരുൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് അയക്കുന്നത്.

മധ്യേഷ്യയിൽ നിന്നുമുള്ള 200 അംഗ കുടിയേറ്റക്കാരെയാണ് കോസ്റ്ററിക്ക സ്വീകരിക്കാൻ സമ്മതിച്ചത്. ഇതോടെ യുഎസ് പുറത്താക്കുന്ന അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്ന മൂന്നാമത്തെ മധ്യഅമേരിക്കൻ രാജ്യമായി കോസ്റ്ററിക്ക മാറി. പാനമ, ഗ്വാട്ടിമാല എന്നീരാജ്യങ്ങൾ യുഎസ് പുറത്താക്കുന്ന മറ്റു രാജ്യങ്ങളിലെ പൗരന്മാരെ സ്വീകരിക്കാമെന്നു നേരത്തെതന്നെ സമ്മതം അറിയിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാൻ തങ്ങൾ തയാറാണെന്നു തിങ്കളാഴ്ചയാണ് കോസ്റ്ററിക്ക അറിയിച്ചത്. അമേരിക്ക പുറത്താക്കുന്നവരെ വാണിജ്യ വിമാനത്തിലാവും കോസ്റ്ററിക്കയിൽ എത്തിക്കുക. ഇവിടെ എത്തിക്കുന്നവരെ ആദ്യം പാനമയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. ശേഷം അവരവരുടെ രാജ്യങ്ങളിലേക്ക് അയക്കാനാണ് പദ്ധതി. കുടിയേറ്റക്കാരെ വിമാനത്തിൽ എത്തിക്കുന്നതു അടക്കമുള്ള ചെലവുകൾ യുഎസ് വഹിക്കുമെന്ന് കോസ്റ്ററിക്ക വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് പുറത്താക്കിയ ചൈന, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 119 അനധികൃത കുടിയേറ്റക്കാരെ അടുത്തിടെ പാനമ സ്വീകരിച്ചിരുന്നു. അതേസമയം കുടിയേറ്റക്കാരെ സ്വീകരിക്കാൻ സമ്മതം അറിയിച്ചിട്ടും ഇതുവരെ ഗ്വാട്ടിമാലയിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാൻ യുഎസ് തയ്യാറായിട്ടില്ല.

അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികളാണ് യുഎസ് സ്വീകരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ വിലങ്ങണിയിച്ച് മൂന്നു പ്രാവശ്യമാണ് പഞ്ചാബിൽ എത്തിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ച ശേഷവും ഈ നടപടിയിൽ നിന്നും ഡോണൾഡ് ട്രംപ് പിൻവാങ്ങിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here