ബ്രിട്ടൻ: ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലെ പ്രമുഖ ഹോട്ടലിൽ നിന്ന് കാണാതായത് 500ഓളം ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകൾ. സെലിബ്രിറ്റി ഷെഫ് ആയ ഗോർഡൻ ജെയിംസ് റാംസെയുടെ പുതിയ ഭക്ഷണശാലയിൽ നിന്നാണ് ഭാഗ്യ ചിഹ്നമായ പൂച്ച പ്രതിമകളെ കാണാതായത്. 58കാരനായ ഗോർഡൻ ജെയിംസ് റാംസെ അടുത്തിടെ ആരംഭിച്ച ഭക്ഷണ ശാലയിലാണ് സംഭവം. ലക്കി കാറ്റ് 22 ബിഷപ്പ്സ് ഗേറ്റ് ബൈ റാംസെ എന്ന ഹോട്ടലിലാണ് വിചിത്ര മോഷണം.
ജാപ്പനീസ് ഭാഗ്യ ചിഹ്നമായ മനേകി-നെക്കോ എന്ന പൂച്ച പ്രതിമകളെയാണ് കാണാതായിട്ടുള്ളത്. 4.5 യൂറോ(ഏകദേശം 493 രൂപ) വീതം വിലയുള്ളതാണ് ഓരോ ഭാഗ്യ ചിഹ്നവുമെന്നാണ് ഗോർഡൻ ജെയിംസ് റാംസെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. ജപ്പാൻ സംസ്കാരം അനുസരിച്ച് ഉടമയ്ക്ക് ഭാഗ്യം കൊണ്ടുവരുന്നതാണ് മനേകി-നെക്കോ എന്ന പൂച്ച പ്രതിമകൾ. ലക്കി ക്യാറ്റ് ഭക്ഷണ ശൃംഖലകൾ ഇവയെ വ്യാപകമായി ഭാഗ്യ ചിഹ്നമായി ഉപയോഗിച്ചിരുന്നു.
പ്രശസ്തമായ പാചക പരിപാടികളിലൂടെ ആഗോള ശ്രദ്ധ നേടിയിട്ടുള്ള പാചക വിദഗ്ധനാണ് ഗോർഡൻ ജെയിംസ് റാംസെ. ആഗോളതലത്തിൽ 80ഓളം ഹോട്ടലുകളാണ് ഗോർഡൻ ജെയിംസ് റാംസെയ്ക്കുള്ളത്. ഈ മാസം ആദ്യമാണ് ബിഷപ്പ്സ്ഗേറ്റിലെ സ്കൈസ്ക്രാപ്പർ 22 ലെ 60ാം നിലയിൽ ഗോർഡൻ ജെയിംസ് റാംസെ ഹോട്ടൽ ആരംഭിക്കുന്നത്. ലണ്ടനിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നാണ് ഇത്.