ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പ്: കൺസർവേറ്റീവ് സഖ്യത്തിനു വിജയം; സിഡിയു നേതാവ് ഫ്രീഡ്റിഷ് മേർട്സ് ചാൻസലറാകും

Advertisement

ബർലിൻ: ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്‍റിഷ് മേർട്‌സിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് സഖ്യം. സിഡിയു–സിഎസ്‌യു സഖ്യം 28.6 ശതമാനം വോട്ടു നേടിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ആകെയുള്ള 630 സീറ്റിൽ 209 സീറ്റുകളാണ് നിലവിൽ സിഡിയു–സിഎസ്‌യു സഖ്യം നേടിയത്. മേർട്സാകും അടുത്ത ചാൻസലർ. സിഡിയുവിന്റെ അംഗല മെർക്കൽ ചാൻസലറായിരുന്ന കാലത്ത് പ്രഭ മങ്ങിപ്പോയ നേതാവാണ് കുടിയേറ്റ വിരുദ്ധനായ മേർട്സ്.

ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിനായി മറ്റു പാർട്ടികളുമായി സഖ്യചർച്ചകൾ മേർട്‌സ് ആരംഭിച്ചതായാണ് റിപ്പോർട്ട്. പ്രധാന എതിരാളിയായ എസ്പിഡിയെ കൂട്ടുപിടിക്കുമോ അതോ മറ്റു ചെറു പാർട്ടികളെ ആശ്രിയിക്കുമോ എന്നാണ് അറിയാനുള്ളത്. തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഓഫ് ജർമനി (എഎഫ്ഡി)യുമായി എന്തായാലും സഖ്യത്തിനില്ലെന്ന് മേർട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയികൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആശംസ അറിയിച്ചു.

20.8 % വോട്ടുമായി തീവ്ര വലതു പാർട്ടി ഓൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)യാണ് രണ്ടാമത്. നിലവിൽ ഭരണത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) 16.4 ശതമാനം വോട്ടുമായി നിലവിൽ മൂന്നാമതാണ്. എസ്പിഡിയുടെ സഖ്യകക്ഷികളിൽ ഒന്നായിരുന്ന ഗ്രീൻസ് 11.16 ശതമാനം വോട്ടുകൾ നേടി. ഫലം പുറത്തുവന്നു തുടങ്ങിയതിനു പിന്നാലെ എസ്പിഡി നേതാവായ നിലവിലെ ചാൻസലർ ഒലാഫ് ഷോൾസ് പാർട്ടിയുടെ പരാജയം സമ്മതിച്ചു.

നവംബറിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വിശ്വാസവോട്ടെടുപ്പിൽ പരാ‍ജയപ്പെട്ടതിനെ തുടർന്നു പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് ജർമനിയിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടന്നത്. സർക്കാരിന്റെ നയത്തിൽ നിന്നു വ്യതിചലിച്ചതിന്റെ പേരിൽ ഭരണസഖ്യത്തിലെ ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടിയുടെ മന്ത്രിമാരെല്ലാം രാജിവച്ചതോടെയാണു വിശ്വാസവോട്ടെടുപ്പ് നടത്തിയത്. കുടിയേറ്റം, സാമ്പത്തികം തുടങ്ങി ആഭ്യന്തരവും രാജ്യാന്തരവുമായ നിരവധി പ്രശ്നങ്ങൾ ജർമനി അഭിമുഖീകരിക്കുന്നതിനിടെ വന്ന തിരഞ്ഞെടുപ്പായതിനാൽ പുതിയ സർക്കാരിനു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here