ഓക്ലാൻഡ്: ജീവനക്കാരിലൊരാളോട് മോശം പെരുമാറ്റം ന്യൂസിലാൻഡിൽ വാണിജ്യ മന്ത്രി രാജി വച്ചു. ന്യൂസിലാൻഡിലെ വാണിജ്യ മന്ത്രി ആൻഡ്രൂ ഹെന്റി ബെയ്ലിയാണ് സ്റ്റാഫ് അംഗങ്ങളിലൊരാളുടെ കയ്യുടെ മുകളിൽ കൈവച്ചതിനേ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ രാജിവച്ചത്. അമിത അധികാരം കാണിക്കുന്നതായിരുന്നു മന്ത്രിയുടെ പെരുമാറ്റമെന്നായിരുന്നു കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തേക്കുറിച്ചുണ്ടായ വിമർശനം.
ഇതിന് പിന്നാലെയാണ് ആൻഡ്രൂ ഹെന്റി ബെയ്ലി തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്. തന്റെ നടപടിയിൽ ക്ഷമാപണം നടത്തുന്നതായും എന്നാൽ നിലവിലെ വിവാദം വിഷയം ഊതിപ്പെരുപ്പിച്ചതാണെന്നും പ്രതികരിച്ച ശേഷമാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. മന്ത്രി പദവികൾ ഉപേക്ഷിച്ച ആൻഡ്രൂ ഹെന്റി ബെയ്ലി ഇനി മുതൽ പാർലമെന്റ് അംഗം മാത്രമായിരിക്കുമെന്നും വിശദമാക്കുന്നത്. നേരത്തെ ഒക്ടോബർ മാസത്തിൽ വൈൻ നിർമ്മാണ ശാല തൊഴിലാളിയെ പരാജിതൻ എന്ന് വിളിച്ചതിനും വിരലുകൾ ഉപയോഗിച്ച് അനുയോജിതമല്ലാത്ത ആംഗ്യം കാണിച്ചതിന്റെ പേരിലും ഏറെ വിമർശനം നേരിട്ടിരുന്നു.
നിലവിലെ വിവാദം തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ലക്ഷ്യമിട്ടാണെന്നാണ് ആൻഡ്രൂ ഹെന്റി ബെയ്ലി കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. 2014ലാണ് ആൻഡ്രൂ ഹെന്റി ബെയ്ലി ആദ്യമായി പാർലമെന്റ് അംഗമായത്. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഫിനാൻസ് മേഖലയിലായിരുന്നു ആൻഡ്രൂ ഹെന്റി ബെയ്ലി പ്രവർത്തിച്ചിരുന്നത്. ക്രിസ്റ്റഫർ മാർക്ക് ലക്‌സൺ മന്ത്രി സഭയിൽ നിന്ന് സ്വമേധയാ രാജി വയ്ക്കുന്ന ആദ്യത്തെ വ്യക്തിയാണ് ആൻഡ്രൂ ഹെന്റി ബെയ്ലി. മാവേറി വിരുദ്ധ നയത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടതിന് പിന്നാലെയാണ് നിലവിൽ അനുചിതമായ പെരുമാറ്റത്തിന്റെ പേരിൽ സുപ്രധാന വകുപ്പിന്റെ ചുമതലയിലുള്ള മന്ത്രിക്ക് രാജി വയ്ക്കേണ്ടി വന്നിട്ടുള്ളത്.