മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി, കസേരയിൽ ഇരുന്നു

Advertisement

വത്തിക്കാൻ: ന്യൂമോണിയയെത്തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചികിത്സ ഫലിക്കുന്നതായി രക്തപരിശോധനയിൽ വ്യക്തമായെന്നു വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പ എഴുന്നേറ്റു കസേരയിൽ ഇരുന്നിരുന്നു.

അദ്ദേഹത്തിന്റെ വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണു തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസ്സം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നു ഡോക്ടർമാർ പറഞ്ഞു. 88 വയസ്സുള്ള മാർപാപ്പയെ ഫെബ്രുവരി 14 മുതലാണു റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോഗ്യത്തിനായി ആശുപത്രിക്കു മുന്നിലും ലോകമാകെയുള്ള പള്ളികളിലും വിശ്വാസികൾ പ്രാർഥനയിലാണ്.

‘പാവങ്ങളുടെ ഡോക്ടർ’ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെർണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകൻ വാഴ്ത്തപ്പെട്ട ബർത്തലോ ലോങ്ങോ എന്നിവരെ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. ആശുപത്രിയിൽ കിടക്കവേയാണു മാർപാപ്പ ഉത്തരവിൽ ഒപ്പിട്ടത്. കേരളത്തിൽ 12 മഠങ്ങളുള്ള ഡൊമിനിക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകൻ ദൈവദാസൻ ഡിഡാക്കോ ബെസിയെ (ഇറ്റലി) ധന്യനായി പ്രഖ്യാപിച്ചു.

ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകൻ മൈക്കിൾ മൗറ മൊണ്ടാനർ (സ്പെയിൻ), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ൻ ആയിരുന്ന ഫാ. എമിൽ ജോസഫ് കാപോൺ (യുഎസ്), ഇറ്റാലിയൻ പൊലീസ് സേനാംഗമായിരുന്ന സാൽവോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here