കഠ്മണ്ഡു: നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
ഭൈരവ്കുണ്ഡ് ആണു പ്രഭവകേന്ദ്രമെന്നു ദേശീയ ഭൂചലന നിരീക്ഷണ, ഗവേഷണ കേന്ദ്രം അറിയിച്ചു. നേപ്പാളിലെ കിഴക്കൻ, മധ്യ മേഖലകളിലെ ആളുകൾക്കു ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുടെയും ടിബറ്റിന്റെയും അതിർത്തി പ്രദേശങ്ങളിലും ചൈനയിലും ഭൂചലനമുണ്ടായി.