ഫ്രാൻസിസ് മാർപാപ്പ 48 മണിക്കൂർ കൂടി നിരീക്ഷണത്തിൽ തുടരും; ആരോഗ്യനിലയിൽ നേരിയ പുരോഗതി

Advertisement

വത്തിക്കാൻ സിറ്റി: അസുഖബാധിതനായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ പോലെ ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഇന്നലെ ഉണ്ടായില്ല. പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ പോപ്പിന് ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു. 48 മണിക്കൂർ കൂടി പോപ്പ് നിരീക്ഷണത്തിൽ തുടരും.

കഴിഞ്ഞ ദിവസം വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. തുടർന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നത്.

88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.

അതേസമയം മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ലോകമാകെയുള്ള വിശ്വാസികൾ തുടരുകയാണ്. സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാലയർപ്പണമടക്കം നടത്തിയിട്ടുണ്ട്. തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാൻ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാർപാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാൻ വക്താവ് പങ്കുവച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here